ഏറ്റുമാനൂർ : ഏറ്റുമാനൂരിൽ നവകേരളസദസ്സുമായി ബന്ധപ്പെട്ട്
ഈ മാസം 11 -ന് നടക്കുന്ന വിളംബര ഘോഷയാത്രയിൽ സ്‌കൂൾ വിദ്യാർത്ഥി കളെ പങ്കെടുപ്പിക്കുന്നത് കടുത്ത കോടതിയലക്ഷ്യമാണെന്ന് കോൺഗ്രസ് നിയോജകമണ്ഡലം ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആരോപിച്ചു.
ഹൈക്കോടതി നവംബർ 24-ന് പുറപ്പെടുവിച്ച ഉത്തരവിൽ വിദ്യാഭ്യാസ ഇതര പരിപാടികൾക്ക് വിദ്യാർത്ഥികളെ പങ്കെടുപ്പിക്കരുതെന്ന് കർശനമായ മുന്നറിയിപ്പ് സ്‌കൂൾ അധികാരികൾക്ക് നൽകിയിരുന്നു.
ഇതിനു വിരുദ്ധമായി നവകേരളസദസ്സുമായി ബന്ധപ്പെട്ട സംഘാടക സമിതി യോഗങ്ങളിൽവിദ്യാർത്ഥികളെ പങ്കെടുപ്പിക്കാൻ സംഘാടകസമിതി യിലെ ഉദ്ദ്യാഗസ്ഥരും മറ്റ് അംഗങ്ങളും സ്‌കൂൾ അധികാരികളെ നിർബന്ധിച്ചുകൊണ്ടിരുന്നു.
തുടർന്ന് വീണ്ടും സംഘാടക സമിതിയിലെ സർക്കാർ ഉദ്യോഗസ്ഥർ നേരിട്ട് സ്‌കൂൾ അധികാരികളെ വിളിച്ചു കർശന നിർദ്ദേശം നൽകിയതിനെ തുടർന്നാണ് വിളംബരഘോഷയാത്രയ്ക്ക് കുട്ടികളെ പങ്കെ ടുപ്പിക്കാൻ സ്‌കൂൾ അധികാരികൾ തീരുമാനിച്ചതെന്നും ഭാരവാഹികൾ ആരോപിച്ചു.
പരീക്ഷകാലത്ത് രക്ഷിതാക്കൾ ആശങ്കയിലാണ്. കുട്ടികളെ ഇതുപോലുള്ള പരിപാടിയിൽ പങ്കെടുപ്പിക്കുന്നതിലും രക്ഷിതാക്കൾക്ക് വൻപ്രതിഷേധം ഉണ്ട്.
സർക്കാരിന്റെ പ്രചരണാർത്ഥം നടത്തുന്ന പരിപാടിയിൽ കൃത്രിമ ആൾക്കൂട്ടം സൃഷ്ടിക്കുന്നതിന് വിദ്യാർത്ഥികളെ ഉപയോഗിക്കുന്നത് സാക്ഷരകേരളത്തിന് അപമാനമാണ്.
കോടതി ഉത്തരവിന് വിരുദ്ധമായി വിദ്യാർത്ഥികളെ വിളംബരഘോ ഷയാത്രയിൽ പങ്കെടുപ്പിച്ചാൽ അതിൻ്റെ ഉത്തരവാദികളായ പ്രിൻസിപ്പാൾ, ഹെഡ്മാസ്റ്റർ അടക്കമുള്ള അധികാരികൾക്കെതിരെ കോൺഗ്രസ്സ് ഹൈക്കോടതിയെ സമീപിക്കും.
ഡി.സി. സി. സി ജനറൽ സെക്രട്ടറി എം.മുരളി,
ഏറ്റുമാനൂർ ബ്ലോക്ക് പ്രസിഡന്റ് ജോറോയി പൊന്നാറ്റിൽ , ആർപ്പുക്കര ബ്ലോക്ക് പ്രസിഡന്റ് സോബിൻ തെക്കേടം, ഏറ്റുമാനൂർ മണ്ഡലം പ്രസിഡന്റ് ടോമി പുള്ളിമാൻതുണ്ടം, നീണ്ടൂർ മണ്ഡലം പ്രസിഡന്റ് സിനുജോൺ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.