തിരുവനന്തപുരം: നവകേരള യാത്രക്ക് നേരെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസും ഡി.വൈ.എഫ്.ഐ പ്രവർത്തകരും മർദിച്ചതിൽ പ്രതിഷേധിച്ച് കെ.പി.സി.സി നടത്തിയ ഡി.ജി.പി ഓഫിസ് മാർച്ചിൽ സംഘർഷം. കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പ്രസംഗിക്കുന്നതിനിടെയാണ് സംഘർഷമുണ്ടായത്. സതീശൻ പ്രസംഗിക്കുന്നതിനിടെ വേദിക്കരികിൽ കണ്ണീർവാതക പ്രയോഗമുണ്ടായി. തുടർന്ന് പ്രസംഗം പെട്ടെന്ന് അവസാനിപ്പിച്ച് പ്രതിപക്ഷ നേതാവ് മടങ്ങുകയായിരുന്നു. കണ്ണീർവാതകം പ്രയോഗിച്ചതിനെ തുടർന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും ദേഹാസ്വാസ്ഥ്യമുണ്ടായി. പൊലീസിന് നേരെ കോൺഗ്രസ് പ്രവർത്തകർ കല്ലെറിഞ്ഞതിനെ തുടർന്നാണ് സംഘർഷസാഹചര്യം ഉടലെടുത്തത്.
മാർച്ചിനിടെ നവകേരള സദസ്സിന്റെ ബാനറുകൾ വ്യാപകമായി നശിപ്പിച്ചിരുന്നു. തുടർന്ന് മാർച്ച് ഡി.ജി.പി ഓഫീസിന് മുന്നിലെത്തിയതോടെ വലിയ സംഘർഷത്തിലേക്ക് വഴിമാറുകയായിരുന്നു. നവംബർ 18ന് കാസർകോട് നിന്നാരംഭിച്ച നവകേരള സദസ് ഇന്നു തലസ്ഥാനത്തു സമാപിക്കാനിരിക്കെയാണ് കോൺഗ്രസ് രാവിലെ പത്തിന് ഡി.ജി.പി ഓഫിസിലേക്കു മാർച്ച് പ്രഖ്യാപിച്ചത്.
സമാപന നാൾ തന്നെ പ്രതിപക്ഷ പ്രതിഷേധം കൂടി നടക്കുന്നതിനാൽ തലസ്ഥാനത്ത് കർശന സുരക്ഷ ഏർപ്പെടുത്തിയിരുന്നു. അയൽ ജില്ലകളിൽ നിന്ന് കൂടി കൂടുതൽ പൊലീസിനെ വിന്യസിച്ചിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, എം.എം.ഹസൻ, കെ.മുരളീധരൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മാർച്ച്.