കോയമ്പത്തൂർ: വിവാഹ മോചനം നേടിയ ഭാര്യയ്ക്ക് പണി കൊടുക്കാൻ നഷ്ടപരിഹാര തുക ചില്ലറയാക്കി എത്തിയ യുവാവിനെതിരെ കോടതി. കോയമ്പത്തൂരിലെ കുടുംബ കോടതിയിൽ ബുധനാഴ്ചയാണ് വിചിത്ര സംഭവങ്ങൾ നടന്നത്. ഭാര്യക്ക് ഇടക്കാല നഷ്ടപരിഹാരമായി കോടതി നിർദ്ദേശിച്ച 80000 രൂപയാണ് കോയമ്പത്തൂർ സ്വദേശിയായ 37കാരൻ ഒരു രൂപയുടേയും രണ്ട് രൂപയുടേയും നാണയങ്ങളുമായി കോടതിയിൽ എത്തിയത്.
കാൾ ടാക്സി ഡ്രൈവറും ഉടമയും ആയ 37കാരനിൽ നിന്ന് കഴിഞ്ഞ വർഷമാണ് ഭാര്യ വിവാഹ മോചനം നേടിയത്. രണ്ട് ലക്ഷം രൂപ യുവതിക്ക് നഷ്ടപരിഹാരം നൽകണമെന്നായിരുന്നു കുടുംബ കോടതി വിധിച്ചത്. ഇടക്കാല ആശ്വാസമെന്ന നിലയിൽ 8000 രൂപ യുവതിക്ക് നൽകണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ഇത് നൽകാനാണ് വടവള്ളി സ്വദേശി ബുധനാഴ്ച കോടതിയിലെത്തിയത്. സ്വന്തം കാറിലായിരുന്നു. 20 തുണി സഞ്ചികളിൽ ആണ് ഇയാൾ ഇടക്കാല നഷ്ടപരിഹാരം കൊണ്ടുവന്നത്.