23 December 2024

കണ്ണൂര്‍: സിപിഐഎം നേതാവ് ഇ പി ജയരാജന്‍ നല്‍കിയ മാനനഷ്ടക്കേസില്‍ ബിജെപി നേതാവ് ശോഭ സുരേന്ദ്രന് നോട്ടീസ് അയക്കാന്‍ കോടതി ഉത്തരവ്. കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.

ഇ പി ജയരാജനുമായി ബിജെപി പ്രവേശന ചര്‍ച്ചക്കായി കൂടിക്കാഴ്ച നടത്തി എന്ന ശോഭാ സുരേന്ദ്രന്റെ പരാമര്‍ശത്തിനെതിരെ ഇ പി മാനനഷ്ട കേസ് നല്‍കിയിരുന്നു. പ്രകാശ് ജാവദേക്കറുമായുള്ള ഇ പി ജയരാജന്‍ നടത്തിയ കൂടിക്കാഴ്ചയുടെ ചുവട് പിടിച്ചായിരുന്നു ശോഭ സുരേന്ദ്രന്റെ പരാമര്‍ശം. ഈ പരാമര്‍ശം തള്ളിക്കൊണ്ട് ദല്ലാള്‍ ടി ജി നന്ദകുമാറും രംഗത്തുവന്നിരുന്നു. ശോഭ സുരേന്ദ്രനുമായി ഇ പി ജയരാജന്‍ കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും ശോഭ സുരേന്ദ്രന്‍ പറയുന്നത് മുഴുവന്‍ തട്ടിപ്പും അസംബന്ധവുമാണെന്നും ടി ജി നന്ദകുമാര്‍ പറഞ്ഞിരുന്നു.

ഇതിനിടെ മജിസ്‌ട്രേറ്റ് കോടതി നടപടികള്‍ വൈകുന്നതിനെതിരെ ഇ പി ജയരാജന്‍ ഹൈക്കോടതിയെയും സമീപിച്ചിരുന്നു. സംഭവത്തില്‍ ശോഭയ്ക്ക് പുറമെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, ദല്ലാള്‍ നന്ദകുമാര്‍ എന്നിവര്‍ക്കെതിരെയും ഇ പി വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.

ഇ പി ജയരാജനുമായി പ്രകാശ് ജാവദേക്കര്‍ കൂടിക്കാഴ്ച നടത്തിയതാണ് വലിയ വിവാദത്തിന് തിരികൊളുത്തിയത്. ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉണ്ടായ കൂടിക്കാഴ്ച വലിയ രാഷ്ട്രീയ കോളിളക്കം ഉണ്ടാക്കിയിരുന്നു. ആക്കുളത്തെ ഫ്‌ലാറ്റില്‍ വെച്ചായിരുന്നു വിവാദ കൂടിക്കാഴ്ച. തത്ഫലമായി ഇ പി ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!