533 മില്യണ്‍ ഡോളര്‍ (442 കോടി രൂപ) ബാങ്ക് അക്കൗണ്ടില്‍ മരവിപ്പിക്കണമെന്ന്, ബൈജൂസ് ആപ്പിന്റെ സ്ഥാപക കമ്പനിയായ തിങ്ക് ആന്‍ഡ് ലേണിനോട് അമേരിക്കന്‍ കോടതിയുടെ നിര്‍ദേശം. വായ്പക്കാര്‍ക്ക് പണം തിരിച്ചടക്കാനായിട്ടാണ് ഈ തുക അക്കൗണ്ടില്‍ സൂക്ഷിക്കണമെന്നു നിര്‍ദേശിച്ചത്. ബൈജൂസ് തങ്ങള്‍ക്ക് നല്‍കാനുള്ള പണത്തിന് മേല്‍ നിയന്ത്രണമാവശ്യപ്പെട്ടുകൊണ്ട് വായ്പക്കാര്‍ കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് നടപടി. പാപ്പരത്വ കേസുകളില്‍ മാത്രം വാദം കേള്‍ക്കുന്ന കോടതിയാണ് ബൈജൂസിനെതിരെ വിധി പ്രസ്താവിച്ചത്.
ഗുരുതരമായ സാമ്പത്തിക പ്രശ്‌നത്തിലാണ് ബൈജൂസ്. ഓഹരി ഉടമകളും വായപാക്കാരുമായി സ്ഥാപനത്തില്‍ പല തര്‍ക്കങ്ങളും നിലനില്‍ക്കുന്നുണ്ട്. സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരായ റിജു രവീന്ദ്രനെയു ബൈജു രവീന്ദ്രനെയും ലക്ഷ്യം വച്ചായിരുന്നു കോടതിയുടെ ഉത്തരവ്. പണം എവിടെയാണ് എന്നുള്ളതില്‍ ബൈജൂസ് വ്യക്തത നല്‍കിയിരുന്നില്ല. ഇതിനെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും, പണം കണ്ടെത്തുന്നതിനായി ഉടമകള്‍ ഇടപെടണമെന്ന് കോടതി ആവശ്യപ്പെടുകയും ചെയ്തു.
വായ്പാ കമ്പനികള്‍ കടം തിരിച്ചടക്കാന്‍ സമ്മര്‍ദം ചെലുത്തിയതാണ് തിങ്ക് ആന്‍ ലേണിന്റെ നിലവിലെ അവസ്ഥയ്ക്ക് കാരണമെന്ന് സ്ഥാപനത്തിന്റെ അഭിഭാഷകന്‍ ഷെറോണ്‍ കോര്‍പ്പസ് വാദിച്ചു. ഈ സമ്മര്‍ദം കൊണ്ടാണ് പണം സൂക്ഷിച്ച സ്ഥലം രഹസ്യമാക്കി വച്ചിരിക്കുന്നത് എന്നും അഭിഭാഷകന്‍ പറഞ്ഞു.