തിരുവനന്തപുരം: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വീണ്ടും വർധന. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം രാജ്യത്താകെ 1970 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. തിങ്കളാഴ്ച 145 കേസുകൾ പുതിയതായി റിപ്പോർട്ട് ചെയ്തു.
കർണാടക-70, തമിഴ്നാട്-64, മഹാരാഷ്ട്ര-24, ഗോവ-22, പുതുച്ചേരി-16, ഗുജറാത്ത് -9, തെലങ്കാന-5, പഞ്ചാബ് -4, ഝാർഖണ്ഡ് -2, മധ്യപ്രദേശ്-2, ഡൽഹി-1, ജമ്മു കശ്മീർ -1, ഉത്തർപ്രദേശ്-1 എന്നിങ്ങനെയാണ് സംസ്ഥാനം തിരിച്ചുള്ള കോവിഡ് കണക്ക്.
കേരളം തന്നെയാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ മുന്നിൽ. കണക്ക് പ്രകാരം 1749 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തിങ്കളാഴ്ച മാത്രം 115 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 112 പേർ സുഖം പ്രാപിച്ചു. അതേസമയം, ഇന്നലെ മരണം റിപ്പോർട്ട് ചെയ്തിട്ടില്ല.
പനിക്കൊപ്പം സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണവും ഉയരുന്നുവെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ വിലയിരുത്തൽ. പ്രതിദിന രോഗബാധിതരുടെ എണ്ണം 100നും 150നും ഇടയിലാണ്. ഒരു മാസത്തിടെയാണ് രോഗികളുടെ എണ്ണം ഉയർന്നു തുടങ്ങിയത്.
കോവിഡ് വകഭേദമായ ജെ.എന്‍1 കേരളത്തില്‍ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രതയും തയാറെടുപ്പും ശക്തമാക്കണമെന്ന് ആരോഗ്യ മന്ത്രാലയം സംസ്ഥാനത്തോട് നിർദേശിച്ചിട്ടുണ്ട്. ലോകത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ നല്ല പങ്കും ജെ.എന്‍1 വകഭേദമെന്നാണ് കണക്ക്.
നവംബര്‍ മുതല്‍ സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് പരിശോധന കൂട്ടാന്‍ ആരോഗ്യ വകുപ്പ് നിർദേശിച്ചത്. എങ്കിലും വ്യാപനശേഷി കൂടുതലായ ജെ.എന്‍1 സ്ഥിരീകരിച്ച സാഹചര്യത്തില്‍ പരിശോധന ഇനിയും കൂട്ടണമെന്നും നിരീക്ഷണം ശക്തമാക്കണമെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.