26 December 2024

തിരുവനന്തപുരം: വീണ്ടും കോവിഡ് കേസുകൾ റി​പ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഇന്ന് കേന്ദ്രമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ കേരളത്തിലെ സാഹചര്യം ആരോഗ്യമന്ത്രി വിശദീകരിക്കും. കോവിഡ് കേസുകളിൽ വർധനയുണ്ടെങ്കിലും നിയന്ത്രണ വിധേയമാണെന്നാണ് കേരളത്തി​െൻറ വിലയിരുത്തൽ. ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കിയിരിക്കയാണെന്ന് കേരളം ബോധ്യപ്പെടുത്തും.

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ചെറിയ തോതില്‍ വര്‍ധിക്കുന്നുണ്ടെങ്കിലും നിയന്ത്രണവിധേയമെന്ന്​ ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഇന്നലെ ചേർന്ന യോഗം വിലയിരുത്തി. നിരീക്ഷണം കൂടുതല്‍ ശക്തമാക്കാനും ആരോഗ്യ വകുപ്പും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പും ഏകോപന പ്രവര്‍ത്തനങ്ങള്‍ നിർവഹിക്കാനും തീരുമാനിച്ചു. ആശുപത്രികള്‍ കോവിഡ് രോഗികള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കണമെന്ന്​ യോഗം നിർദേശിച്ചു. രോഗം ഗുരുതരമല്ലാത്ത രോഗികളെ മെഡിക്കല്‍ കോളജില്‍ റഫര്‍ ചെയ്യാതെ ജില്ലകളില്‍ തന്നെ ചികിത്സിക്കണം. നിശ്ചിത കിടക്കകള്‍ കോവിഡിനായി ജില്ലകള്‍ മാറ്റിവെക്കണം.

നിലവിലെ ആക്ടിവ് കേസുകളില്‍ ഭൂരിപക്ഷം പേരും നേരിയ രോഗലക്ഷണങ്ങളുള്ളതിനാല്‍ വീടുകളിലാണുള്ളത്. മരിച്ചവരില്‍ ഒരാളൊഴികെ 65 വയസ്സിന് മുകളിലുള്ളവരാണ്. ഹൃദ്രോഗം, വൃക്ക സംബന്ധമായ അസുഖങ്ങള്‍, പ്രമേഹം, അർബുദം തുടങ്ങിയ ഗുരുതര രോഗങ്ങള്‍ ഉള്ളവരുമായിരുന്നു. ഫലം ലഭിച്ചതില്‍ ഒരു സാമ്പിളില്‍ മാത്രമാണ് ജെ.എന്‍-1 വകഭേദം സ്ഥിരീകരിച്ചത്. ആ വ്യക്തിക്ക് രോഗം ഭേദമായി.

ആശുപത്രികളിൽ ഐസൊലേഷന്‍ വാര്‍ഡുകള്‍, മുറികള്‍, ഓക്‌സിജന്‍ കിടക്ക, ഐ.സി.യു കിടക്ക, വെന്റിലേറ്റർ എന്നിവയുടെ ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ട്. ഡിസംബര്‍ 13 മുതല്‍ 16 വരെ ഇക്കാര്യം ഉറപ്പുവരുത്താൻ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളെ ഉള്‍പ്പെടുത്തി ഓണ്‍ലൈന്‍ മോക് ഡ്രില്‍ നടത്തിയിരുന്നു. ഓക്‌സിജന്‍ സൗകര്യം ലഭ്യമായ 1957 കിടക്കയും 2454 ഐ.സി.യു കിടക്കയും വെന്റിലേറ്റര്‍ സൗകര്യമുള്ള 937 ഐ.സി.യു കിടക്കയുമുണ്ട്. കോവിഡ് കേസിലെ വര്‍ധന നവംബര്‍ മാസത്തില്‍തന്നെ കണ്ടിരുന്നു. അതനുസരിച്ച് മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കി. സുരക്ഷാ ഉപകരണങ്ങളും മരുന്നുകളും ആവശ്യത്തിന് സ്റ്റോക്കുണ്ട്. കൂടുതല്‍ സുരക്ഷാ ഉപകരണങ്ങളും പരിശോധനാ കിറ്റുകളും സജ്ജമാക്കാനും യോഗം നിർദേശം നൽകി​.

ലക്ഷണമുള്ളവർക്ക്​ മാ​ത്രം പരിശോധന

കോവിഡ് ലക്ഷണമുള്ളവര്‍ക്ക് മാത്രം കോവിഡ് പരിശോധന നടത്താൻ യോഗത്തിൽ നിർദേശം. ഗുരുതര രോഗമുള്ളവര്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണം. പോസിറ്റിവായാല്‍ ചികിത്സിക്കുന്ന ആശുപത്രിയില്‍ തന്നെ ചികിത്സ ഉറപ്പാക്കണം. ആശുപത്രി ജീവനക്കാരും ആശുപത്രിയിലെത്തുന്നവരും കൃത്യമായി മാസ്‌ക് ധരിക്കണം. ഗുരുതര രോഗമുള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവരും മാസ്‌ക് ധരിക്കണം.

115 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 115 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1749 പേർക്കാണ് ആകെ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് പുതിയ കോവിഡ് കണക്കുകൾ പുറത്തുവിട്ടത്. 142 കോവിഡ് കേസുകളാണ് രാജ്യത്താകമാനം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ആരും കോവിഡ് ബാധിച്ച് മരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം 112 പേർക്ക് കോവിഡ് രോഗമുക്തിയുണ്ടായി. നേരത്തെ കേരളത്തിൽ ഒമിക്രോണിന്റെ പുതിയ ഉപവകഭേദമായ JN1 സ്ഥിരീകരിച്ചിരുന്നു. ഇതേതുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് പരിശോധനകൾ കൂട്ടുകയും ചെയ്തിരുന്നു.

കോവിഡ് വകഭേദമായ ജെ.എന്‍1 കേരളത്തില്‍ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രതയും തയാറെടുപ്പും ശക്തമാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനത്തോട് നിർദേശിച്ചിരുന്നു. ഏതാനും ആഴ്ചകളായി കേരളത്തില്‍ കോവിഡ് കേസുകള്‍ കൂടുന്നുണ്ട്. വിദേശത്തുനിന്നെത്തുന്നവര്‍ പൊതുവേ കൂടുതലുള്ള കേരളത്തില്‍ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ലോകത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ നല്ല പങ്കും ജെ.എന്‍1 വകഭേദമെന്നാണ് കണക്ക്. അതേസമയം, പുതിയ കോവിഡ് കേസുകളില്‍ ഭൂരിഭാഗവും നേരിയ രോഗലക്ഷണങ്ങളുള്ളതും കാര്യമായ ചികിത്സ കൂടാതെതന്നെ ഭേദമാകുന്നതുമാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐ.സി.എം.ആർ) വ്യക്തമാക്കി. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരം രാജ്യത്ത് ആകെയുള്ള കോവിഡ് ആക്ടിവ് കേസുകള്‍ 1701 ആണ്. ഇതില്‍ 1523 കേസുകളും കേരളത്തില്‍നിന്നാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ പരിശോധന കൂടുതലായതുകൊണ്ടാണ് ഉയര്‍ന്ന കണക്കെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.

നവംബര്‍ മുതല്‍ സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് പരിശോധന കൂട്ടാന്‍ ആരോഗ്യവകുപ്പ് നിർദേശിച്ചത്. എങ്കിലും വ്യാപനശേഷി കൂടുതലായ ജെ.എന്‍1 സ്ഥിരീകരിച്ച സാഹചര്യത്തില്‍ പരിശോധന ഇനിയും കൂട്ടണമെന്നും നിരീക്ഷണം ശക്തമാക്കണമെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!