25 December 2024

മുംബൈ: മഹാരാഷ്ട്രയില്‍ 12 സീറ്റുകളില്‍ മത്സരിക്കാനൊരുങ്ങി സിപിഐഎം. രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് മഹാ വികാസ് അഘാഡിക്കൊപ്പം സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയത്. പിന്നീട് ചര്‍ച്ചയ്ക്കായി സഖ്യം ക്ഷണിച്ചിട്ടില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി ഡോ. ഉദയ് നാര്‍കര്‍ പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

ദഹാനു, കല്‍വാന്‍, സോലാപൂര്‍ സിറ്റി, നാസിക് വെസ്റ്റ്, അകോലെ, കിന്‍വാട്, പത്രി, മജല്‍ഗാവ്, ദിന്തോരി, ഇ?ഗാത്പുരി, വിക്രം?ഗഡ്, ഷഹാപൂര്‍ തുടങ്ങിയ മണ്ഡലങ്ങളില്‍ മത്സരിക്കാനാണ് തീരുമാനം. 2019 തിരഞ്ഞെടുപ്പില്‍ എട്ട് സീറ്റുകളിലാണ് സിപിഐഎം മത്സരിച്ചത്.

2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റിലെങ്കിലും മത്സരിക്കാനാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാല്‍ മഹാവികാസ് അഘാഡി സഖ്യം സീറ്റ് അനുവദിച്ചില്ലെന്നും നാര്‍കര്‍ പറഞ്ഞു. മഹാ വികാസ് അഘാഡി സഖ്യത്തിലെ ആഭ്യന്തര ഏകോപനത്തെയും അദ്ദേഹം വിമര്‍ശിച്ചു.

രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് അസംബ്ലി തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച് അവസാനമായി ചര്‍ച്ച നടത്തിയത്. അതിന് ശേഷം വിഷയം സംബന്ധിച്ച് സിപിഐഎമ്മിന് മറ്റ് സഖ്യകക്ഷികളില്‍നിന്ന് യാതൊരു വിവരവും ലഭിച്ചിട്ടില്ല. എംവിഎ യോ?ഗങ്ങളെ കുറിച്ച് മാധ്യമങ്ങളില്‍ നിന്നാണ് അറിഞ്ഞത്, നാര്‍കര്‍ പറഞ്ഞു. എംവിഎയുടെ ഭാഗമായി തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് സിപിഐഎമ്മിന് ആ?ഗ്രഹമുണ്ട്. എംവിഎ തങ്ങളുടെ സഖ്യകക്ഷികളില്‍ വിശ്വാസം അര്‍പ്പിക്കേണ്ടതുണ്ട്. സീറ്റ് വിഭജനത്തില്‍ തീര്‍പ്പുണ്ടാക്കേണ്ടത് ഇപ്പോള്‍ അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഐഎം മത്സരിക്കാനിറങ്ങുന്നത് തങ്ങള്‍ക്ക് തിരിച്ചടിയായേക്കുമെന്നാണ് മഹാവികാസ് അഘാഡിയുടെ വിലയിരുത്തല്‍. സിപിഐഎം മത്സരിക്കാനിറങ്ങുന്നതോടെ ബിജെപി വിരുദ്ധ വോട്ടുകള്‍ വിഭജിക്കാനുള്ള സാധ്യതയുണ്ട്. പത്ത് ദിവസത്തിനുള്ളില്‍ സീറ്റ് വിഭജനം സംബന്ധിച്ച അന്തിമതീരുമാനമുണ്ടാകുമെന്ന് ഞായറാഴ്ച എന്‍സിപി നേതാവ് ശരദ് പവാര്‍ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!