സംസ്ഥാനത്തെ ഭരണ വിരുദ്ധ വികാരം തിരിച്ചടിയായെന്ന് സിപിഎം തിരഞ്ഞെടുപ്പിനെ സ്വാധീനിച്ച രാഷ്ട്രീയ-സാമൂഹിക സാഹചര്യം യോഗത്തില്‍ പരിശോധിക്കുന്നുണ്ട്. ഒപ്പം തിരുത്തല്‍ നടപടികളും നിര്‍ദേശിക്കുമെന്നാണ് വിലയിരുത്തല്‍. മൂന്ന് ദിവസം നീളുന്ന സംസ്ഥാന സമിതിക്ക് ശേഷം സെക്രട്ടേറിയറ്റ് വീണ്ടും ചേരും. സംസ്ഥാന സെക്രട്ടേറിയറ്റാണ് തിരുത്തല്‍ നടപടികളില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക. വന്‍തോതില്‍ വോട്ടു ചോര്‍ന്ന സ്ഥലങ്ങളില്‍ പരിശോധനയ്ക്കായി അന്വേഷണ കമ്മീഷനെ നിയോഗിക്കുന്നതിലും സമിതി തീരുമാനമെടുക്കും. ആലത്തൂരില്‍ ജയിച്ച കെ രാധാകൃഷ്ണന് പകരം മന്ത്രിസ്ഥാനത്തേക്കുള്ള പുതിയ ആളെയും യോഗത്തില്‍ തീരുമാനിച്ചേക്കും.
സംസ്ഥാന സമിതി. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സര്‍ക്കാരിനുമെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് പാര്‍ട്ടി നേതൃത്വം ഉയര്‍ത്തിയത്. സംസ്ഥാന സര്‍ക്കാറിന്റെ ജനക്ഷേമ നടപടികള്‍ ജനങ്ങളിലേക്ക് എത്തിയില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് കാരണം ഭരണ വിരുദ്ധ വികാരമെന്ന് വിമര്‍ശനമുണ്ടെന്ന് യോഗത്തില്‍ പങ്കെടുത്ത സീതാറാം യച്ചൂരിയും പറഞ്ഞു. മുഖ്യമന്ത്രിയുടെ ശൈലിക്കെതിരെയും വിമര്‍ശനമുയര്‍ന്നു.
ന്യൂനപക്ഷ പ്രീണനം തിരിച്ചടിയായെന്നും പ്രതിനിധികളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. അടിസ്ഥാന വിഭാഗം പാര്‍ട്ടിയില്‍ നിന്ന് അകന്നുവെന്നും എം വി ഗോവിന്ദന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. നവകേരള സദസിന്റെ ഗുണം കിട്ടിയില്ല. പോരായ്മകള്‍ ഉള്‍ക്കൊണ്ട് തിരുത്തല്‍ നടപടികള്‍ ശക്തമാക്കണമെന്ന ആവശ്യം യോഗത്തില്‍ ഉയര്‍ന്നു. നേരത്തെ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ സംസ്ഥാന സമിതിയിലെ ചര്‍ച്ച വിശദമായി കേട്ട ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നാണ് സിപിഎം തീരുമാനിച്ചിരുന്നത്.
അടുത്തിടെ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇരുപതില്‍ ഒരു സീറ്റ് മാത്രമാണ് സിപിഎം നേടിയത്. ആലത്തൂര്‍ മണ്ഡലത്തില്‍ സിപിഎമ്മിലെ കെ രാധാകൃഷ്ണന്‍ വിജയിച്ചു. യുഡിഎഫ് തരംഗവും തൃശ്ശൂരില്‍ സുരേഷ് ഗോപി ജയിച്ചതും ഇടത് ശക്തികേന്ദ്രങ്ങളില്‍ പോലും ബിജെപി വോട്ട് ഇരട്ടിയാക്കിയതും പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയിരുന്നു. പാര്‍ട്ടിയുടെ അടിസ്ഥാന വോട്ടുകള്‍ പോലും ബിജെപിക്ക് ചോര്‍ന്നിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.