കിളികൊല്ലൂർ: മുൻവിരോധത്താൽ മധ്യവയസ്കനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ. ചവറ വാച്ചാഴത്ത് ലക്ഷംവീട് കോളനിയിൽ കിഴക്കതിൽവീട്ടിൽനിന്ന് ചന്ദത്തോപ്പ് കൊറ്റംകര കുന്നുംപുറത്ത് വീട്ടിൽ വാടകക്ക് താമസിക്കുന്ന കൂരി നിസാർ എന്ന നിസാർ (48) ആണ് കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായത്.
ചാത്തിനാംകുളം വയലിൽ പുത്തൻവീട്ടിൽ ഷമീറിനെയാണ് (48) ഇയാൾ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ 10 മണിയോടെ ചാത്തിനാംകുളം പുലരി നഗറിന് സമീപത്തുവെച്ച് നിസാർ മുൻവിരോധത്തെ തുടർന്ന് ഷമീറുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു.
ഇതിനിടെ അക്രമാസക്തനായ നിസാർ കൈയിൽ കിട്ടിയ പാറക്കല്ലുകൊണ്ട് ഷമീറിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ തലയിലും കണ്ണിന്റെ വശങ്ങളിലും പരിക്കേൽക്കുകയും മൂക്കിന്റെ അസ്ഥിക്ക് പൊട്ടുകയും ചെയ്തു. ഷമീറിന്റെ പരാതിയെ തുടർന്ന് കിളികൊല്ലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ ചവറ പോലീസ് സ്റ്റേഷനിൽ അഞ്ചും കരുനാഗപ്പള്ളി സ്റ്റേഷനിൽ മൂന്നും പള്ളിത്തോട്ടത്ത് രണ്ടും ഓച്ചിറ, ഈസ്റ്റ് എന്നീ സ്റ്റേഷനുകളിൽ ഓരോ ക്രിമിനൽ കേസുകളും വീതം രജിസ്റ്റർ ചെയ്തിട്ടുണ്ട്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ മുമ്പ് കാപ്പാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. കിളികൊല്ലൂർ ഇൻസ്പെക്ടർ ഗിരീഷിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ രാജേഷ്, കലാം, സി.പി.ഒ അനുരാജ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.