24 December 2024

തൃശൂര്‍: ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ നിര്‍മിച്ചു നല്‍കിയ ഏജന്റിനെ തൃശൂര്‍ സിറ്റി സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് മുംബൈ എല്‍ബിഎസ് മാര്‍ഗില്‍ താമസിക്കുന്ന പശ്ചിമ ബംഗാള്‍ സതീഷ് ചാന്ദിഭാ റോഡ് സുമിത് കുമാര്‍ ഗുപ്ത(36)യാണ് പിടിയിലായത്. സാധാരണക്കാരെ കബളിപ്പിച്ച് രേഖകളും ഫോട്ടോകളും തരപ്പെടുത്തിയാണ് ഇയാള്‍ ബാങ്ക് അക്കൗണ്ട് തുറന്നിരുന്നത്. ഈ അക്കൗണ്ടുകള്‍ സൈബര്‍ തട്ടിപ്പുകാര്‍ക്ക് ഇടപാടുകള്‍ നടത്താനായി വില്‍ക്കുകയായിരുന്നു ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.

ഇതിനായി മഹാരാഷ്ട്രയിലെ കോലാപൂരിലെ ഒരു സ്‌കൂളില്‍ ജോലി ചെയ്തിരുന്ന 17 അധ്യാപികമാരെ പറഞ്ഞ് വിശ്വസിപ്പിച്ച് അവരുടെ രേഖകളും ഫോട്ടോകളും ഇയാള്‍ കൈക്കലാക്കിയിരുന്നു. ഈ രേഖകള്‍ ഉപയോഗിച്ച് പുതുതലമുറ ബാങ്കില്‍ അക്കൗണ്ട് തുറക്കുകയും ഇത് തട്ടിപ്പുകാര്‍ക്ക് കൈമാറുകയുമായിരുന്നെന്നും പൊലീസ് പറഞ്ഞു.

തൃശൂര്‍ സിറ്റി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണത്തില്‍ പരാതിക്കാരിയുടെയും ഭര്‍ത്താവിന്റെയും അക്കൗണ്ടുകളില്‍ നിന്നും പണം അയച്ച ബാങ്ക് അക്കൗണ്ടുകള്‍ മഹാരാഷ്ട്രയിലെ കോലാപൂരിലെ അധ്യാപകരുടേതാണെന്ന് കണ്ടെത്തിയിരുന്നു. സൈബര്‍ തട്ടിപ്പില്‍ അധ്യാപകര്‍ ഉള്‍പ്പെടാന്‍ യാതൊരു സാധ്യതയുമില്ലെന്ന് മനസിലാക്കിയ അന്വേഷണ സംഘം നടത്തിയ വിശദമായ പരിശോധനയിലാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്താനായത്.

യൂട്യൂബ് ചാനലുകള്‍ ലൈക്ക് ചെയ്താല്‍ പണം നല്‍കുന്ന പാര്‍ട് ടൈം ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ച് ചേറൂര്‍ പള്ളിമൂല സ്വദേശിനിയില്‍ നിന്നും 51.37 ലക്ഷം രൂപ തട്ടിയെടുത്ത കേസിന്റെ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. സമാനമായ സൈബര്‍ തട്ടിപ്പുകള്‍ നടത്തിയതിന് ഇയാള്‍ നേരത്തെ മഹാരാഷ്ട്ര പൊലീസിന്റെ പിടിയിലായി റിമാന്‍ഡിലായിരുന്നു. മഹാരാഷ്ട്ര കോടതിയില്‍ നിന്നുമാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തതെന്ന് തൃശൂര്‍ സിറ്റി സൈബര്‍ പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!