കൊല്ലം: 10 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പിതാവിന് ജീവപര്യന്തവും ലക്ഷംരൂപ പിഴയും. കൂടാതെ, ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം മൂന്നുവർഷം തടവും ഇന്ത്യൻ ശിക്ഷാനിയമം 354ബി പ്രകാരം ഏഴുവർഷം തടവും അനുഭവിക്കണം.
കൊല്ലം ഫസ്റ്റ് അഡീഷനൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് (പോക്സോ) കോടതി ജഡ്ജി പി.എൻ. വിനോദാണ് ശിക്ഷിച്ചത്. 2021ൽ കുട്ടി അഞ്ചാം ക്ലാസിൽ പഠിക്കവേ പ്രതിയുടെ വീട്ടിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഏഴുമാസത്തിനു ശേഷം മാതാവ് തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി പരിശോധിച്ചപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന് വീട്ടുകാർ അറിഞ്ഞത്. സർക്കിൾ ഇൻസ്‌പെക്ടർ വിപിൻ കുമാറിന്റെ നേതൃത്വത്തിൽ കണ്ണനല്ലൂർ പൊലീസ് അന്വേഷിച്ച കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സോജ തുളസീധരൻ, അഡ്വ. അഞ്ജിത രാജ്, അഡ്വ. റെജി സി. രാജ്, എ.എസ്.ഐ മഞ്ജുഷ എന്നിവർ ഹാജരായി.