25 December 2024

ദില്ലി:പശ്ചിമ ബംഗാളില്‍ ഡോക്ടറെ ലൈംഗികാതിക്രമത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ രാജ്യത്തെ മെഡിക്കല്‍ കോളേജുകളില്‍ സുരക്ഷ ഉറപ്പാക്കാന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. ഇതുസംബന്ധിച്ച് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ഉത്തരവിറക്കി. അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, റസിഡന്റ് ഡോക്ടര്‍മാര്‍ എന്നിവര്‍ക്ക് സുരക്ഷിതമായി ജോലിചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്നാണ് മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നത്.

ഒപിഡി, ക്യാംപസ്, ഹോസ്റ്റലുകള്‍, ക്വാര്‍ട്ടേഴ്‌സുകള്‍ എന്നിവിടങ്ങളില്‍ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യമാ സ്ഥലങ്ങളില്‍ സിസിടിവി അടക്കം സ്ഥാപിക്കണമെന്നും നിര്‍ദേശമുണ്ട്. ആവശ്യത്തിന് സുരക്ഷാ ഉദ്യോഗസ്ഥരെയും നിയോഗിക്കണമെന്നും അക്രമസംഭവങ്ങളില്‍ കോളേജ് അധികൃതര്‍ അന്വേഷണം നടത്തണമെന്നും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും നിര്‍ദേശമുണ്ട്. അക്രമ സംഭവങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ രണ്ട് ദിവസത്തിനകം ദേശീയ മെഡിക്കല്‍ കമ്മീഷന് റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദേശമുണ്ട്. രാജ്യത്തെ മെഡിക്കല്‍ കോളേജുകള്‍ക്കും മാര്‍ഗനിര്‍ദേശം ബാധകമായിരിക്കും.

അതേസമയം, പശ്ചിമ ബംഗാളില്‍ ഡോക്ടറെ ലൈംഗികാതിക്രമത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസ് അന്വേഷണം സിബിഐക്ക് വിട്ടു. പൊലീസ് അന്വേഷണത്തില്‍ ഒരു പുരോഗതിയുമില്ലെന്നും സര്‍ക്കാര്‍ ഇരക്കൊപ്പമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കൊല്‍ക്കത്ത ഹൈക്കോടതി വിധി പറഞ്ഞത്. ആശുപത്രി സംവിധാനവും ഇരയെ പിന്തുണച്ചില്ലെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് ഹൈക്കോടതി വിമര്‍ശിച്ചു.

ബിജെപി നേതാവ് അഡ്വ കൗസ്തവ് ബഗ്ചി നല്‍കിയ ഹര്‍ജി അംഗീകരിച്ചാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്. വെള്ളിയാഴ്ച രാവിലെ കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സെമിനാര്‍ ഹാളിലാണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ഡ്യൂട്ടിക്കിടെയായിരുന്നു ഡോക്ടറുടെ കൊലപാതകം. ചെസ്റ്റ് മെഡിസിന്‍ വിഭാഗത്തിലെ രണ്ടാം വര്‍ഷ പിജി ഡോക്ടറാണ് കൊല്ലപ്പെട്ടത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും അന്വേഷണം തൃപ്തികരമല്ലെന്നാണ് ഡോക്ടര്‍മാര്‍ നിലപാടെടുത്തത്. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷ കക്ഷികളും സംസ്ഥാനത്ത് സമരത്തിലാണ്. അതിനിടെ ഡോക്ടര്‍മാര്‍ ദേശവ്യാപക പ്രതിഷേധം തുടരുകയാണ്.


സംഭവം നടക്കുമ്പോള്‍ മെഡിക്കല്‍ കോളേജിലെ പ്രിന്‍സിപ്പലായിരുന്ന വ്യക്തിയോട് ഉടന്‍ രാജിവെക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു. അല്ലെങ്കില്‍ ഇദ്ദേഹത്തെ പുറത്താക്കണമെന്നും കോടതി വ്യക്തമാക്കി. സംഭവം നടന്ന ആശുപത്രിയില്‍ നിന്ന് രാജിവച്ച പ്രിന്‍സിപ്പലിനെ മണിക്കൂറുകള്‍ക്കുള്ളില്‍ മറ്റൊരു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിയമിച്ചിരുന്നു. ഇതിലാണ് ഹൈക്കോടതി രോഷത്തോടെ പ്രതികരിച്ചത്. കൊലപാതകം ഭയാനകമായ സംഭവമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേസില്‍ പൊലീസ് ഇങ്ങനെ അന്വേഷണം നടത്തിയാല്‍ പോര. മരിച്ചയാള്‍ക്ക് നീതി കൊടുക്കേണ്ടത് ഇങ്ങനെയല്ല. ഗുരുതരമായ കേസാണിത്. പ്രിന്‍സിപ്പലിന്റെ വിശദമായ മൊഴിയെടുക്കണം. പ്രതിയെ സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും മനുഷ്യത്വരഹിതമായ പെരുമാറ്റമാണിതെന്നും കോടതി വിമര്‍ശിച്ചു.

കേസ് അന്വേഷിക്കാന്‍ ഏഴംഗ പ്രത്യേക സംഘത്തെ നിയോഗിച്ചുവെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. രാവിലെ പത്ത് മണിയോടെയാണ് ആശുപത്രി ഔട്ട് പോസ്റ്റില്‍ വിവരം കിട്ടിയത്. സംഭവത്തില്‍ ആരും പരാതി നല്‍കിയില്ല. രക്ഷിതാക്കളുടെ ആവശ്യപ്രകാരം മജിസ്‌ട്രേട്ടിന്റെ സാന്നിധ്യത്തിലാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. പ്രതിഷേധം ശക്തമായതോടെ മൃതദേഹം പുറത്തേക്ക് കൊണ്ടു പോകുന്നതിലടക്കം ബുദ്ധിമുട്ടുണ്ടായി.

രാഷ്ട്രീയ പാര്‍ട്ടികള്‍ വിഷയം വേഗത്തിലേറ്റെടുത്തു. അതോടെ വലിയ വിവാദമായി മാറി. പ്രതിഷേധം ശക്തമായതോടെ ആശുപത്രി ദ്രുത കര്‍മ്മ സേനയുടെ നിയന്ത്രണത്തിലാക്കി. കേസെടുക്കുന്നതില്‍ കാലതാമസമുണ്ടായിട്ടില്ല. ഡോക്ടറുടെ കുടുംബത്തിന് അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറല്‍ വാദിച്ചു. എന്നാല്‍ തൃപ്തി, സന്തോഷം തുടങ്ങിയ പദങ്ങള്‍ അനവസരത്തില്‍ പ്രയോഗിക്കരുതെന്ന് കോടതി മുന്നറിയിപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!