സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ എ എന്‍ ഷംസീറിനും രൂക്ഷ വിമര്‍ശനം. മകള്‍ക്കെതിരായ ആരോപണങ്ങളില്‍ മുഖ്യമന്ത്രിയെന്തിന് മൗനം പാലിച്ചെന്നാണ് അംഗങ്ങള്‍ ചോദ്യമുന്നയിച്ചത്. സ്പീക്കര്‍ എ എന്‍ ഷംസീറിന് ചില വ്യവസായികളുമായി ബന്ധമുണ്ടെന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് ശേഷമുള്ള സിപിഐഎം ജില്ലാ കമ്മിറ്റി യോഗങ്ങളില്‍ മുഖ്യമന്ത്രിയുടെ ശൈലിയ്ക്കും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും രൂക്ഷ വിമര്‍ശനമേല്‍ക്കേണ്ടി വരുന്നതിനിടെയാണ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലും വിമര്‍ശനങ്ങളുയരുന്നത്. മുന്‍ പാര്‍ട്ടി സെക്രട്ടറിയെ കോടിയേരി ബാലകൃഷ്ണനെപ്പോലെ കുടുംബാംഗങ്ങള്‍ക്കെതിരെ വിമര്‍ശനമുയര്‍ന്നപ്പോള്‍ നിയമം നിയമത്തിന്റെ വഴിയ്ക്ക് പോകട്ടേയെന്ന് മുഖ്യമന്ത്രി പറയാത്തതെന്തെന്ന് അംഗങ്ങള്‍ ചോദിച്ചു. വിഷയത്തില്‍ മുഖ്യമന്ത്രി കൃത്യമായി മറുപടി പറയാത്തത് സംശയങ്ങള്‍ക്ക് ഇടനല്‍കിയെന്നും ചില അംഗങ്ങള്‍ യോഗത്തിനിടെ സൂചിപ്പിച്ചു.
സ്പീക്കര്‍ എ എന്‍ ഷംസീറിനെതിരെയും രൂക്ഷ വിമര്‍ശനമാണ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ ഉയര്‍ന്നത്. സ്പീക്കര്‍ക്ക് തലസ്ഥാനത്തെ ചില ബിസിനുകാരുമായി ബന്ധമുണ്ട്. ആ ബന്ധം കമ്മ്യൂണിസ്റ്റ് രീതിക്ക് ചേരാത്തതാണെന്നും വിമര്‍ശനമുയര്‍ന്നു.