ന്യൂഡല്‍ഹി: സിയുഇടി യുജി 2024ന്റെ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു. കേന്ദ്ര സര്‍വകലാശാലകളിലും രാജ്യത്തെ വിവിധ കോളജുകളിലും ബിരുദ പ്രവേശനത്തിനുള്ള പൊതുപ്രവേശന പരീക്ഷയാണ് . പരീക്ഷ നടത്തുന്ന നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ https://exams.nta.ac.in/CUET-UG ല്‍ കയറി വിദ്യാര്‍ഥികള്‍ക്ക് ഉത്തരസൂചിക പരിശോധിക്കാവുന്നതാണ്. ഉത്തരസൂചികയില്‍ അസംതൃപ്തിയുള്ള വിദ്യാര്‍ഥികള്‍ക്ക് ചലഞ്ച് ചെയ്യാന്‍ അവസരമുണ്ട്. ഒരു ചോദ്യത്തിന് 200 രൂപ ഫീസ് ആയി അടച്ച് ചലഞ്ച് ചെയ്യാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണി വരെയാണ് സമയം.
ഔദ്യോഗിക വെബ്സൈറ്റ് ആയexams.nta.ac.in/CUET-UG/ല്‍ കയറി ആപ്ലിക്കേഷന്‍ നമ്പറും ജനനത്തീയതിയും നല്‍കി ലോഗിന്‍ ചെയ്യുക. തുടര്‍ന്ന് സെക്യൂരിറ്റി പിന്‍ നല്‍കി ലോഗിന്‍ ചെയ്ത ശേഷം View/Challenge Answer Key’’ ബട്ടണില്‍ ക്ലിക്ക് ചെയ്ത് വേണം മുന്നോട്ടുപോകേണ്ടത്.’കറക്ട് ഓപ്ഷന്‍’ എന്ന കോളത്തിന് കീഴിലുള്ള ചോദ്യ ഐഡിക്ക് അടുത്തുള്ള ഓപ്ഷന്‍ എന്‍ടിഎ ഉപയോഗിക്കുന്ന ഏറ്റവും ഉചിതമായ ഉത്തരസൂചികയെ സൂചിപ്പിക്കുന്നു.
ഈ ഓപ്ഷന്‍ ചലഞ്ച് ചെയ്യാന്‍, ചെക്ക് ബോക്‌സില്‍ ക്ലിക്കുചെയ്ത് അടുത്ത അഞ്ച് കോളങ്ങളില്‍ നല്‍കിയിരിക്കുന്ന ഏതെങ്കിലും ഒന്നോ അതിലധികമോ ഓപ്ഷനുകള്‍ ഉപയോഗിക്കാവുന്നതാണ്. തുടര്‍ന്ന് ചലഞ്ചിനെ സാധൂകരിക്കുന്ന രേഖകള്‍ അപ്ലോഡ് ചെയ്യുക. ഒടുവില്‍ ‘submit and review claims’ ക്ലിക്ക് ചെയ്ത് വേണം മുന്നോട്ടുപോകാന്‍. തുടര്‍ന്ന് ഫീസ് അടയ്ക്കുന്നത് അടക്കമുള്ള നടപടിക്രമങ്ങള്‍ കൂടി പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഓണ്‍ലൈന്‍ ആയി പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്ക് പുറമേ എഴുത്തുപരീക്ഷയില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കും സമാനമായ നിലയില്‍ ഉത്തരസൂചിക ചലഞ്ച് ചെയ്യാവുന്നതാണ്. വിശദാംശങ്ങള്‍ക്ക് എന്‍ടിഎ വെബ്സൈറ്റ് സന്ദര്‍ശിക്കുക.