വാഹനങ്ങള്‍ ഉപയോഗിച്ചുള്ള വിദ്യാര്‍ഥികളുടെ അഭ്യാസപ്രകടനം ക്യാമ്പസുകളില്‍ വേണ്ടെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. വാഹനങ്ങളിലെ നിയമവിരുദ്ധമായ കൂട്ടിച്ചേര്‍ക്കലുകള്‍ സംബന്ധിച്ച കേസ് പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിര്‍ദേശം.
കാറില്‍ നീന്തല്‍ക്കുളമുണ്ടാക്കിയ യൂട്യൂബ് വ്ളോഗര്‍ സഞ്ജു ടെക്കിയുടെ നിയമലംഘനത്തെ ഹൈക്കോടതി കഴിഞ്ഞ ദിവസം ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. വാഹനങ്ങളില്‍ മാറ്റം വരുത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നു. ഇതിന് പിന്നാലെ സഞ്ജു ടെക്കിക്കെതിരെ സ്വീകരിച്ച നടപടികള്‍ സര്‍ക്കാര്‍ വിശദീകരിക്കുമ്പോഴാണ് ഹൈക്കോടതി മറ്റു നിര്‍ദേശങ്ങള്‍ കൂടി മുന്നോട്ടുവെച്ചത്.
നിയമലംഘനം നടത്തുന്ന വ്ളോഗര്‍മാരുടെ കാര്യത്തില്‍ ശക്തമായ നടപടി വേണമെന്ന് പറഞ്ഞ ഹൈക്കോടതി, വാഹനങ്ങള്‍ ഉപയോഗിച്ചുള്ള വിദ്യാര്‍ഥികളുടെ അഭ്യാസപ്രകടനം ക്യാമ്പസുകളില്‍ വേണ്ടെന്ന് നിര്‍ദേശിച്ചു. റിക്കവറി വാനുകളും ക്രെയിനുകളും വരെ ക്യാമ്പസുകളില്‍ കൊണ്ടുവരുന്നുണ്ട്. ഇക്കാര്യത്തില്‍ കോളജ് പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ബസുകളുടെ അടക്കം പല പൊതുവാഹനങ്ങളുടെയും ബ്രേക്ക്, ലൈറ്റ് എന്നിവ പ്രവര്‍ത്തിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ സജീവ ഇടപെടല്‍ ഉണ്ടാവണമെന്നും കോടതി നിര്‍ദേശിച്ചു.