വടകര ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ശൈലയ്ക്കെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ വീണ്ടും കേസ്. പേരാമ്പ്ര സ്വദേശി ഷെഫീഖ് വാലിയക്കോടിന് എതിരെയാണ് കേസെടുത്തത്. യൂത്ത്ലീഗ് പ്രവര്‍ത്തകനാണ് ഷെഫീഖ്. കലാപാഹ്വാനം, സ്ത്രീകളെ അധിക്ഷേപിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം സൈബര്‍ ഇടങ്ങളില്‍ തനിക്കെതിരെ അധാര്‍മികമായ ഇടപെടലുകളുണ്ടായെന്നും ഒരു കാര്യവും മാറ്റിപ്പറയുന്നില്ലെന്നും തെളിവുകള്‍ പരാതി സമര്‍പ്പിച്ചയിടത്ത് നല്‍കിയിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ ഇനിയും തെളിവുകളുണ്ടെന്നും ശൈലജ പറഞ്ഞു.
ഞാന്‍ എനിക്കെതിരെ ഇത്രയും വൃത്തികെട്ട ആരോപണം സൃഷ്ടിക്കുമോ? എനിക്ക് തെരഞ്ഞെടുപ്പ് ജയിക്കാന്‍ ഇത്തരം വില കുറഞ്ഞ പണി എടുക്കേണ്ടതില്ല, എന്റെ പ്രവര്‍ത്തനങ്ങള്‍ കണ്ടറിയുന്ന ജനങ്ങള്‍ പാര്‍ലമെന്റിലും അതേ പ്രവര്‍ത്തനം വേണമെന്ന് ആഗ്രഹിച്ചാല്‍ ഞാന്‍ ജയിക്കുമെന്നും കെ കെ ശൈലജ പറഞ്ഞു.
അധാര്‍മികമായിട്ടുള്ള സൈബര്‍ ഇടത്തിലെ ഇടപെടലുകള്‍ സ്ഥാനാര്‍ഥിയെന്ന നിലയില്‍ തനിക്കെതിരെയുണ്ടായി. തന്റെ രാഷ്ട്രീയ വിശ്വാസ്യതയെപ്പോലും ചോദ്യം ചെയ്യുകയാണുണ്ടായത്. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ വൃത്തികെട്ട മാര്‍ഗം സ്വീകരിച്ചതില്‍ ചിന്തിക്കാന്‍ കഴിയുന്നവര്‍ പ്രതിഷേധിക്കട്ടെയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.