കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയ്ക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നുവെന്നാരോപിച്ച് ഭര്‍ത്താവ് വി പി അജിത്ത് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. തെറ്റായ സൈബര്‍ പ്രചരണം നടത്തുന്നുവെന്നാരോപിച്ചാണ് കണ്ണപുരം സ്റ്റേഷനിലാണ് പരാതി നല്‍കിയത്. സാമൂഹിക മാധ്യമങ്ങളിലൂടെ, വീഡിയോ ചിത്രീകരിച്ച് അധിക്ഷേപം നടത്തിയെന്നും തെറ്റായ വിധത്തിലുള്ള വിദ്വേഷ പ്രചാരണങ്ങള്‍ നടക്കുന്നുവെന്നുമാണ് അജിത്തിന്റെ പരാതി.
ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നത്തിലാണ് എഡിഎം നവീന്‍ ബാബുവിനെ പല തവണ കണ്ടതെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ ജാമ്യഹര്‍ജിയില്‍ പരാമര്‍ശിച്ച ഗംഗാധരന്‍ പറഞ്ഞിരുന്നു. ഒരുപാട് വട്ടം നവീനെ കണ്ടിട്ടും പ്രശ്‌ന പരിഹാരം നടന്നില്ലെന്നും തുടര്‍ന്നാണ് നവീനെതിരെ പരാതി നല്‍കിയതെന്നും അദ്ദേഹം റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
നവീനെതിരെ വിജിലന്‍സിലും മനുഷ്യാവകാശ കമ്മീഷനും മുഖ്യമന്ത്രിയുടെ ഓണ്‍ലൈന്‍ പോര്‍ട്ടലിലും പരാതി നല്‍കിയതായി അദ്ദേഹം പറഞ്ഞു. നവീനെതിരെ അഴിമതിയുമായി ബന്ധപ്പെട്ട് കുറ്റാട്ടൂരിലെ ഗംഗാധരന്‍ എന്ന റിട്ടയേര്‍ഡ് ഹയര്‍ സെക്കണ്ടറി ടീച്ചര്‍ വിജിലന്‍സില്‍ പരാതി നല്‍കിയിട്ടുണ്ടെന്നായിരുന്നു ദിവ്യയുടെ പരാമര്‍ശം. ദിവ്യ പറഞ്ഞത് സത്യമാണെന്ന് ഗംഗാധരന്‍ പറഞ്ഞു. എന്നാല്‍ നവീന്‍ കൈക്കൂലി ആവശ്യപ്പെട്ടില്ലെന്നും താന്‍ പണം നല്‍കിയിട്ടില്ലെന്നും ഗംഗാധരന്‍ വ്യക്തമാക്കി. നവീനെതിരെയുള്ള പരാതി നേരത്തെ തന്നെ കണ്ണൂരിലെ എല്ലാ ജനപ്രതിനിധികള്‍ക്കും നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ കൈക്കൂലി നല്‍കിയിട്ടില്ലെങ്കില്‍ വിജിലന്‍സില്‍ പരാതി നല്‍കിയതെന്തിനാണെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല. മാത്രവുമല്ല, ചോദ്യങ്ങളോട് ക്ഷുഭിതനായാണ് ഗംഗാധരന്‍ മറുപടി നല്‍കിയത്. നവീന്‍ ബാബു കൃത്യവിലോപം നടത്തിയെന്നും ഗംഗാധരന്‍ ആരോപിച്ചു. ഇവിടെ നടന്ന കൃത്യവിലോപമെന്താണെന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ കയര്‍ക്കുകയായിരുന്നു ഗംഗാധരന്‍. ഫെബ്രുവരിയില്‍ നവീന്‍ ബാബു വന്നയുടനേ എങ്ങനെയാണ് ഗൂഡാലോചന നടത്തുകയെന്ന ചോദ്യത്തിനും മറുപടി നല്‍കിയില്ല.