നേരത്തെ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. അപ്പീലില്‍ വിധി വരുന്നത് വരെയാണ് സുപ്രീം കോടതി വധശിക്ഷ സ്റ്റേ ചെയ്തിരിക്കുന്നത്. ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് വിധി. മനശാസ്ത്ര-ജയില്‍ സ്വഭാവ റിപ്പോര്‍ട്ട് ഹാജരാക്കാനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി തൃശൂര്‍ മെഡിക്കല്‍ കോളജ് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ശിക്ഷ ലഘൂകരിക്കാന്‍ കാരണമുണ്ടെങ്കില്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും സുപ്രീം കോടതി പറഞ്ഞു.
നിയമവിദ്യാര്‍ത്ഥിനിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ നേരത്തെ ഹൈക്കോടതി ശരിവെച്ചിരുന്നു. ശാസ്ത്രീയ തെളിവുകളാണ് ശിക്ഷാവിധിക്ക് അടിസ്ഥാനമെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരുന്നു. കൊലചെയ്യപ്പെട്ടത് ദരിദ്ര സാമൂഹിക പശ്ചാത്തലമുള്ള യുവതിയാണ്. കുറ്റകൃത്യം ആവര്‍ത്തിക്കാതിരിക്കാന്‍ വധശിക്ഷ ശരിവയ്ക്കേണ്ടത് അനിവാര്യമായിരുന്നു. എല്ലാവര്‍ക്കും ഭയരഹിതമായും സുരക്ഷിതമായും ജീവിക്കാനാകണം. തെറ്റും ശരിയും തിരിച്ചറിയാനുള്ള മനുഷ്യകുലത്തിന്റെ മനസാക്ഷിയാണ് നീതി. അതനുസരിച്ചാണ് വധശിക്ഷ ശരിവെച്ചതെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
കൊലപാതകം ഡല്‍ഹി നിര്‍ഭയ കേസിന് സമാനമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. പ്രതി ചെയ്തത് സമൂഹത്തെ ഭയത്തിലാഴ്ത്തുന്ന കൊലപാതകമാണ്. ഇത്തരം കുറ്റകൃത്യം ആവര്‍ത്തിക്കാതിരിക്കാനുള്ള സന്ദേശമാണ് വധശിക്ഷയെന്നും കോടതി ചൂണ്ടിക്കാണിച്ചിരുന്നു. ജസ്റ്റിസുമാരായ പി ജി അജിത് കുമാര്‍, എസ് മനു എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചായിരുന്നു വിധി പറഞ്ഞത്.
2016 ഏപ്രില്‍ 28നാണ് പെരുമ്പാവൂര്‍ സ്വദേശിയായ നിയമ വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ ആഴത്തില്‍ ഏറ്റ മുറിവുകള്‍ ആയിരുന്നു മരണ കാരണം. കൊല്ലപ്പെടും മുന്‍പ് യുവതി പ്രതിയുടെ കൈയ്യില്‍ കടിച്ചിരുന്നു. ഇതിലൂടെ ലഭിച്ച സാമ്പിളിലെയും പ്രതിയുടെയും ഡിഎന്‍എ ഒന്നാണെന്നും കണ്ടെത്തിയിരുന്നു. അമീറുള്‍ ഇസ്ലാമിന്റെ രക്തവും യുവതിയുടെ വസ്ത്രത്തില്‍ നിന്ന് ലഭിച്ചിരുന്നു. അമീറുള്‍ ഇസ്ലാമിന്റെ ചെരുപ്പില്‍ നിന്നും കൊലപാതകത്തിന് ഉപയോഗിച്ച കത്തിയില്‍ നിന്നും യുവതിയുടെ ഡിഎന്‍എ സാമ്പിള്‍ ലഭിച്ചിരുന്നു.
2017 ഡിസംബറില്‍ ആണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പ്രതി അമീറുള്‍ ഇസ്ലാം കേസില്‍ കുറ്റക്കാരന്‍ ആണെന്ന് കണ്ടെത്തിയത്. 1,500 പേജുള്ള കുറ്റപത്രം അനുസരിച്ച് ആയിരുന്നു വിചാരണ. ഒന്നര വര്‍ഷത്തില്‍ അധികം നീണ്ട വിചാരണയ്ക്ക് ഒടുവില്‍ വിചാരണ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചു. വധശിക്ഷ ആയതിനാല്‍ ശിക്ഷാവിധി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവയ്ക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു നേരത്തെ ഹൈക്കോടതി വിധി പറഞ്ഞത്.