തൃശൂര്‍: 38 തരത്തിലുള്ള വിവിധ നിറങ്ങളിലുള്ള കടല്‍, കായല്‍ മത്സ്യങ്ങള്‍ ഉപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം നിർമ്മിച്ച് ഡാവിഞ്ചി സുരേഷ്. മത്സ്യത്തൊഴിലാളികളുടെ സഹകരണതോടെ, 16 അടി വലുപ്പത്തില്‍ പ്ലൈവുഡിന്റെ തട്ട് അടിച്ച് അതിനു മുകളിലായാണ് ചിത്രം പൂര്‍ത്തിയാക്കിയത്. പ്രളയ സമയത്ത് മത്സ്യത്തൊഴിലാളികളെ കേരളത്തിന്റെ സൈന്യമായി പ്രഖ്യാപിച്ച മുഖ്യമന്ത്രി നവകേരള സദസിന് കയ്പമംഗലം മണ്ഡലത്തില്‍ എത്തുന്നതിന്റെ ആദരസൂചകമായിട്ടാണ് ചിത്രം നിര്‍മ്മിച്ചതെന്ന് ഡാവിഞ്ചി സുരേഷ് പറഞ്ഞു.
മത്സ്യങ്ങളെ കൊണ്ട് മാത്രം നിര്‍മ്മിക്കപ്പെട്ട മുഖ്യമന്ത്രിയുടെ ചിത്രം അപൂര്‍വമായ ഒന്നാണെന്ന് ഇ.ടി ടൈസണ്‍ എംഎല്‍എ അഭിപ്രായപ്പെട്ടു. എട്ട് മണിക്കൂര്‍ എടുത്താണ് ചിത്രം പൂര്‍ത്തീകരിച്ചത്. മത്സ്യത്തൊഴിലാളികളായ ഷിഹാബ് കാവുങ്ങള്‍, റാഫി പി എച്ച്, ശക്തിധരന്, അഷറഫ് പുവ്വത്തിങ്കല്‍ എന്നിവരും വള്ളത്തിലെ ജീവനക്കാരും സുരേഷിന്റെ സഹായികളായ ഷെമീര്‍ പതിയാശ്ശേരി, ഫെബിതാടി, രാകേഷ് പള്ളത്ത്, സിംബാദ് എന്നിവരും ചിത്രം നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഇത്തരമൊരു ചിത്രം ആദ്യമായാകുമെന്ന് മന്ത്രി സജി ചെറിയാന് അഭിപ്രായപ്പെട്ടു.