മണ്ഡല മഹോത്സവ കാലത്തും മറ്റും കോടികള്‍ വരുമാനം ലഭിക്കുന്ന ശബരിമലയില്‍ പുതിയ നാണയം എണ്ണുന്ന മെഷീന്‍ വാങ്ങാനാരുങ്ങുന്നു. ശബരിമലയ്ക്ക് പുറമേ, കൂടുതല്‍ വരുമാനം ലഭിക്കുന്ന മുഴുവന്‍ ക്ഷേത്രങ്ങളിലും കാണിക്കയായി എത്തുന്ന നാണയങ്ങള്‍ തിട്ടപ്പെടുത്താന്‍ മെഷീന്‍ വാങ്ങാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. ചില ഭക്തര്‍ മെഷീന്‍ വഴിപാടായി നല്‍കുന്നതിന് താല്‍പ്പര്യമറിയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ചു.
മണ്ഡല കാലത്ത് ശബരിമലയിലെ കാണിക്ക വഞ്ചിയില്‍ 11 കോടി രൂപയിലേറെ നാണയത്തുട്ടുകളാണ് എത്തിയത്. ദിവസങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് മുഴുവന്‍ നാണയങ്ങളും എണ്ണിത്തിട്ടപ്പെടുത്താന്‍ ദേവസ്വം ബോര്‍ഡിന് സാധിച്ചത്.
നാണയം എണ്ണുന്നതിനായി 500 ലേറെ ജീവനക്കാരെയാണ് ദേവസ്വം ബോര്‍ഡിന്റെ വിവിധ ക്ഷേത്രങ്ങളില്‍ നിന്നായി നിയമിച്ചിരിക്കുന്നത്. നാണയം എണ്ണാന്‍ ആഴ്ചകള്‍ സമയം എടുക്കുന്നതിനാല്‍ ഭീമമായ ചെലവും ഉണ്ടാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നാണയം എണ്ണുന്നതിനായി പുതിയ മെഷീന്‍ വാങ്ങുന്നത്.