കൊച്ചി: ദിലീപിന് സന്നിധാനത്ത് പ്രത്യേക പരിഗണന നല്‍കി ദര്‍ശന സൗകര്യം ഒരുക്കിയത് തങ്ങളല്ലെന്ന് ശബരിമല സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ദിലീപിന് പൊലീസ് ഒരു സഹായവും ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ദേവസ്വം ഗാര്‍ഡുകളാണ് ദിലീപിന് മുന്‍നിരയില്‍ അവസരം ഒരുക്കിയത്, വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തുന്നുണ്ട്, ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സോപാനത്തിനു മുന്നിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് ചീഫ് കോര്‍ഡിനേറ്റര്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയതിന് പിന്നാലെ രൂക്ഷ വിമര്‍ശനമാണ് ദേവസ്വം ബെഞ്ച് ഉയര്‍ത്തിയത്. എത്ര സമയം ദിലീപ് ഹരിവരാസനം സമയത്ത് സോപാനത്തില്‍ തുടര്‍ന്നുവെന്ന് ചോദ്യമുന്നയിച്ച ഹൈക്കോടതി ഇത് കാരണം മറ്റു ഭക്തര്‍ക്ക് മുന്നോട്ടു പോകാനായില്ലെന്നും കുറ്റപ്പെടുത്തിയിരുന്നു. കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പൊലീസുകാരടക്കം അകമ്പടി പോയി നടന് തൊഴാന്‍ അവസരം നല്‍കിയത് എന്തിനെന്നായിരുന്നു കഴിഞ്ഞ ദിവസം കോടതി ചോദിച്ചത്. ഇതിലാണ് ദിലീപിന് തങ്ങള്‍ സൗകര്യം നല്‍കിയില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.