കോട്ടയം: ജസ്നയെ കണ്ടെന്നുള്ള വിവരം വെളിപ്പെടുത്താന്‍ വൈകിയതില്‍ കുറ്റബോധമെന്ന് മുണ്ടക്കയത്തെ ലോഡ്ജ് മുന്‍ ജീവനക്കാരി. സിബിഐ സംഘം മൊഴി രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് തനിക്ക് കുറ്റബോധമുണ്ടെന്ന് ജീവനക്കാരി പറഞ്ഞത്.
ജസ്‌നാ തിരോധാനക്കേസില്‍ വെളിപ്പെടുത്തല്‍ നടത്തിയ മുണ്ടക്കയം സ്വദേശിനിയുടെ മൊഴി സിബിഐ രേഖപ്പെടുത്തി. മുണ്ടക്കയം ഗസ്റ്റ് ഹൗസില്‍ വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്. സിബിഐയോട് എല്ലാ പറഞ്ഞിട്ടുണ്ടെന്നും വെളിപ്പെടുത്തല്‍ നടത്താന്‍ വൈകിയതില്‍ കുറ്റബോധം തോന്നുന്നുവെന്നും അവര്‍ പ്രതികരിച്ചു. പറയാനുള്ളത് എല്ലാം പറഞ്ഞുവെന്നും ലോഡ്ജ് ജീവനക്കാരി കൂട്ടിച്ചേര്‍ത്തു.
കാണാതാകുന്നതിന് രണ്ട് ദിവസം മുമ്പ് ലോഡ്ജില്‍ വച്ച് ജെസ്‌നയെ കണ്ടു എന്നായിരുന്നു മുണ്ടക്കയം സ്വദേശിനിയുടെ വെളിപ്പെടുത്തല്‍. ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് സിബിഐ ഇവരുടെ മൊഴി രേഖപ്പെടുത്താന്‍ തീരുമാനിച്ചത്.
ഇന്നലെ മുണ്ടക്കയത്ത് എത്തിയ സിബിഐ സംഘം ലോഡ്ജിലും പരിസരത്തും വിശദമായ പരിശോധനകള്‍ നടത്തിയിരുന്നു. കൂടാതെ ലോഡ്ജ് ഉടമയുടെ മൊഴിയും രേഖപ്പെടുത്തി. മുണ്ടക്കയം സ്വദേശിനിയുടെ വെളിപ്പെടുത്തല്‍ തന്നോടുള്ള വൈരാഗ്യം മൂലം ആണെന്നാണ് ലോഡ്ജ് ഉടമ പറഞ്ഞത്.
ലോഡ്ജ് ഉടമ ഭീഷണിപ്പെടുത്തിയതു കൊണ്ടാണെന്നാണ് കാര്യങ്ങള്‍ പുറത്തു പറയാതിരുന്നത് എന്നാണ് മുണ്ടക്കയം സ്വദേശിനി പറയുന്നത്.