തിരുവനന്തപുരം : ‘കുടുംബങ്ങൾക്കകത്തെ ദുഷ്പ്രവണതകൾ തുറന്നു കാട്ടുന്ന സിനിമ മലയാളി പ്രേക്ഷകർ എങ്ങനെ സ്വീകരിക്കുമെന്ന ആകാംക്ഷയുണ്ടായിരുന്നു. പക്ഷേ തുറന്ന മനസ്സോടെയാണ് ചിത്രം ഐഎഫ്എഫ്കെയിൽ സ്വീകരിക്കപ്പെട്ടത്.’ മത്സര വിഭാഗത്തിലെ മലയാള ചിത്രം ‘ഫാമിലി’യുടെ സംവിധായകനായ ഡോൺ പാലത്തറ പറഞ്ഞു. 2 മാസത്തിനുള്ളിൽ കേരളത്തിലെ തിയറ്ററുകളിൽ സിനിമ റിലീസ് ചെയ്യാനുള്ള തയാറെടുപ്പിലാണ്. ഐഎഫ്എഫ്കെയിലെ പ്രദർശനത്തിനു ശേഷം ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിലുള്ള തന്റെ ആത്മവിശ്വാസം വർധിച്ചുവെന്നും അദ്ദേഹം മനോരമയോടു പറഞ്ഞു. ഹൈറേഞ്ചിലെ ദുർബലരും ദരിദ്രരുമായ കുടുംബങ്ങളുടെ പശ്ചാത്തലത്തിലാണ് ‘ഫാമിലി’ ഒരുക്കിയിരിക്കുന്നത്. ഇരുണ്ടതും ധീരവുമായ കഥ പറയുന്നതിനായി ഇത്തരമൊരു പ്രദേശം മന:പൂർവം തിരഞ്ഞെടുക്കുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
സിനിമയ്ക്കു പിന്നിൽ വ്യക്തിപരമായ അനുഭവങ്ങളും സ്വാധീനിച്ചിട്ടുണ്ടോ?
മതപശ്ചാത്തലം വേരോടിയ ഒരു കുടുംബത്തിൽ നിന്നാണ് ഞാൻ വരുന്നത്.10–ാം വയസ്സിൽ പുരോഹിതനാകാനായിരുന്നു ആഗ്രഹം. കുടുംബത്തിൽ പൗരോഹിത്യ ജീവിതം തിരഞ്ഞെടുത്തവരുണ്ട്. മതപശ്ചാത്തലമുള്ള സ്ഥാപനങ്ങളിലായിരുന്നു പഠനം. മുതിർന്നപ്പോൾ കാഴ്ചപ്പാടുകൾ മാറിയിട്ടുണ്ടാകും. ഒരു താരതമ്യത്തിന് എനിക്ക് അവസരം ലഭിച്ചു. അത് സിനിമ മാത്രമല്ല, സമൂഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളെയും സ്വാധീനിച്ചു.
ചിത്രത്തിലെ നായകനായ സോണി (വിനയ് ഫോർട്ട്) പുറമേയ്ക്കു നന്മയുടെ പ്രതിനിധിയും ഉള്ളിൽ തിന്മ പേറുന്നവനുമാണ് ?
ഇതെല്ലാം ഒരു വ്യക്തിയിൽ മാത്രം ഒറ്റപ്പെട്ടു കാണുന്ന പ്രത്യേകതയല്ല. ദുർബലരായ ആളുകൾ മതം സൃഷ്ടിക്കുന്ന വ്യവസ്ഥകൾക്കു പുറമേ ഇത്തരം വ്യക്തികൾക്കു കൂടി വിധേയപ്പെടേണ്ടി വരുന്നു. വിനയ് ഫോർട്ട് അടക്കമുള്ള അഭിനേതാക്കൾ തങ്ങളുടെ വേഷം ഗംഭീരമാക്കി. ഡോൺ പാലത്തറയും ഷെറിൻ കാതറീനും ചേർന്നെഴുതിയ ‘ഫാമിലി’ റോട്ടർഡാം രാജ്യാന്തര ചലച്ചിത്രമേളയിലും ഇന്ത്യൻ പ്രീമിയർ ബെംഗളൂരു ചലച്ചിത്രമേളയിലും മികച്ച അഭിപ്രായം നേടിയിരുന്നു. ഐഎഫ്എഫ്കെയിൽ ഇനി 2 പ്രദർശനങ്ങൾ കൂടിയുണ്ട്. ആദ്യചിത്രങ്ങളായ വിത്ത്, 1956 – മധ്യതിരുവിതാംകൂർ എന്നീ ചിത്രങ്ങളും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.