കൂടല്ലൂർ : വനത്തിൽനിന്നു ജനവാസകേന്ദ്രത്തിലിറങ്ങിയ നരഭോജി കടുവ കർഷകനെ കൊന്നുതിന്നതിൽ വനംവകുപ്പിനെതിരെ പ്രതിഷേധവുമായി തടിച്ചുകൂടിയതു വൻ ജനാവലി. കടുവയെ വെടിവച്ചുകൊല്ലണമെന്നും കൂടുതൽ നഷ്ടപരിഹാരത്തുക ഉടൻ അനുവദിക്കണമെന്നും കുടുംബാംഗത്തിനു ജോലി നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ പ്രജീഷിന്റെ മൃതദേഹം സ്ഥലത്തുനിന്നു മാറ്റാൻ പ്രതിഷേധക്കാർ അനുവദിച്ചില്ല. ഡിഎഫ്ഒ എ. ഷജ്ന, തഹസിൽദാർ കെ.വി. ഷാജി എന്നിവരുടെ നേതൃത്വത്തിൽ വനം, റവന്യു വകുപ്പ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തുണ്ടായിരുന്നു.
പ്രതിഷേധം കനത്തതോടെ ഡിവൈഎസ്പി കെ.കെ. അബ്ദുൽ ഷരീഫ്, ബത്തേരി ഇൻസ്പെക്ടർ എം.എ. സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. എംഎൽഎ ഐ.സി. ബാലകൃഷ്ണൻ, പൂതാടി പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശൻ, സിപിഎം ജില്ലാ സെക്രട്ടറി പി. ഗഗാറിൻ, ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ എന്നിവരും ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ കെ.പി. മധു, വി.വി. ബേബി, രുഗ്മിണി സുബ്രഹ്മണ്യൻ, എ.വി. ജയൻ, എം.എ. അസൈനാർ തുടങ്ങിയവരും സംഭവസ്ഥലത്തെത്തി. എംഎൽഎയുടെയും മറ്റു നേതാക്കളുടെയും സാന്നിധ്യത്തിൽ നടന്ന ചർച്ചയ്ക്കൊടുവിൽ ആവശ്യങ്ങൾ അംഗീകരിച്ചതോടെയാണു പ്രതിഷേധം താൽക്കാലികമായി അവസാനിപ്പിച്ചത്. വെടിവച്ചു കൊല്ലാനുള്ള ഉത്തരവ് എത്താതെ മൃതദേഹം സംസ്കരിക്കില്ലെന്നും നാട്ടുകാർ പറഞ്ഞു.
വനംവകുപ്പ് നൽകിയ ഉറപ്പുകൾ
∙ നരഭോജി കടുവയെ വെടിവച്ചുകൊല്ലണമെന്ന എംഎൽഎയുടെയും ജനപ്രതിനിധികളുടെയും ആവശ്യം ചീഫ് വൈൽഡ് ലൈഫ് വാർഡനു റിപ്പോർട്ട് ആയി നൽകും
∙ വന്യജീവി ആക്രമണത്തിൽ മനുഷ്യൻ കൊല്ലപ്പെട്ടാൽ നൽകുന്ന 10 ലക്ഷം രൂപയുടെ നഷ്ടപരിഹാരത്തിനു പുറമേ കൂടുതൽ നഷ്ടപരിഹാരത്തിനു ശുപാർശ നൽകും
∙ കുടുംബത്തിൽ ഒരാൾക്കു ജോലി നൽകുന്നതിനു ശുപാർശ ചെയ്യും
∙ കൂടല്ലൂർ മുതൽ മണ്ണുണ്ടി വരെയുള്ള 3 കിലോമീറ്റർ നീളത്തിൽ വനാതിർത്തിയിൽ തൂക്കുവേലിക്കുള്ള ടെൻഡർ റദ്ദാക്കി പകരം കന്മതിൽ പണിത് മുകളിൽ ടൈഗർ നെറ്റ് സ്ഥാപിക്കാനുള്ള ശുപാർശ നൽകും
∙ പ്രജീഷിനെ കടുവ കൊന്നതിനടുത്തുള്ള കൃഷിയിടങ്ങൾ കാടുമൂടിക്കിടക്കുന്നതു വെട്ടി വൃത്തിയാക്കാൻ ഉടമകളോട് ആവശ്യപ്പെടും.