പത്തനംതിട്ട: ശസ്ത്രക്രിയക്ക് കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തില്‍ അടൂര്‍ ജനറല്‍ ആശുപത്രിയിലെ അസിസ്റ്റന്റ് സര്‍ജന്‍ ഡോ. വിനീതിനെ സസ്‌പെന്‍ഡ് ചെയ്തു. ശസ്ത്രക്രിയയ്ക്ക് 12000 രൂപ കൈക്കൂലി ചോദിച്ച സംഭവത്തിലാണ് നടപടി. ഡോക്ടര്‍ കൈക്കൂലി ആവശ്യപ്പെടുന്ന ശബ്ദരേഖ നേരത്തെ പുറത്തുവന്നിരുന്നു. കരുവാറ്റ സ്വദേശിനി വിജയശ്രീയാണ് ഡോ. വിനീതിനെതിരെ അടൂര്‍ ജനറല്‍ ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയത്.
തന്റെ സഹോദരിയുടെ ചികില്‍സയ്ക്കായാണ് ഡോ വിനീതിനെ കണ്ടതെന്നും പുറത്തെ മുഴ മാറ്റാനുള്ള ശസ്ത്രക്രിയക്ക് പന്ത്രണ്ടായിരം രൂപ ഡോ വിനീത് ആവശ്യപ്പെട്ടെന്നുമാണ് പരാതിക്കാരിയുടെ ആരോപണം. ഡോ വിനീതുമായുള്ള ഫോണ്‍ സംഭാഷണ ശബ്ദരേഖയും വിജയശ്രീ ആശുപത്രി സൂപ്രണ്ടിന് പരാതിയോടൊപ്പം നല്‍കിയിരുന്നു.
കഴിഞ്ഞ സെപ്റ്റംബര്‍ മാസം 16 നാണ് അടൂര്‍ താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റിയില്‍ വിജയശ്രീയുടെ സഹോദരി വിജയാ ദേവി ചികിത്സ തേടിയെത്തിയത്. പതിനേഴാം തീയതി സര്‍ജന്‍ ഡോ. വിനീതിനെ കണ്ടു. ചില പരിശോധനകള്‍ നടത്തി പരിശോധനാ ഫലവുമായി താന്‍ താമസിക്കുന്ന ഇടത്തേക്ക് ചെല്ലാന്‍ ഡോ.വിനീത് അറിയിച്ചതായും വിജയശ്രീയുടെ പരാതിയില്‍ പറയുന്നു.
പരിശോധനാ ഫലവുമായി ഡോക്ടറെ കണ്ടപ്പോഴാണ് ശസ്ത്രക്രിയയ്ക്കായി 12000 രൂപ വേണമെന്ന് ആവശ്യപ്പെട്ടത്. അടുത്ത ദിവസം ശസ്ത്രക്രിയയ്ക്കായി തീയതി നല്‍കുകയും ചെയ്തു. പണം നല്‍കാത്തതിനാല്‍ ശസ്ത്രക്രിയയ്ക്കായുള്ള തീയതി നീട്ടി വച്ചതായും മറ്റൊരു ഡോക്ടറെ സമീപിച്ച് ശസ്ത്രക്രിയ നടത്തിയതായും വിജയശ്രീയുടെ പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. പരാതി നല്‍കി രണ്ടാഴ്ച കഴിഞ്ഞും ഒരു വകുപ്പ് തല അന്വേഷണത്തിന് സുപ്രണ്ട് തയ്യാറായിട്ടില്ലെന്ന വാദവും പരാതിക്കാരി ഉന്നയിച്ചിരുന്നു.
അതേസമയം പരാതിക്ക് പിന്നാലെ വിമര്‍ശനം ശക്തമായതോടെ വിനീതിന് സര്‍ജറി ചെയ്യാനുള്ള തീയറ്റര്‍ നല്‍കിയിട്ടില്ലെന്ന് സൂപ്രണ്ട് പറഞ്ഞു. ഡോക്ടര്‍ വിനീത് അസിസ്റ്റന്റ് സര്‍ജനായിട്ടാണ് ഇവിടെ ജോയിന്‍ ചെയ്തിരിക്കുന്നത്. തീയറ്റര്‍ ഇല്ലാത്തതിനാലാണ് ഡോക്ടര്‍ വീട്ടില്‍വെച്ച് കാണുന്നത്. പ്രൈവറ്റ് പ്രോക്ടീസുമായി നടക്കുന്ന പ്രശ്‌നമാണ്. സൂപ്രണ്ടെന്ന രീതിയില്‍ നടപടി എടുക്കാന്‍ സാധിക്കില്ല. അന്വേഷണം നടത്തിയ ദിവസം തന്നെ ഡോക്ടര്‍ക്ക് ശക്തമായ താക്കീത് നല്‍കിയിരുന്നുവെന്നും സുപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
അതേസമയം ആശുപത്രിയില്‍ സര്‍ജറി ചെയ്യാന്‍ പണം ചോദിച്ചിട്ടില്ലെന്നാണ് ഡോക്ടറുടെ വിശദീകരണം. പ്രൈവറ്റായി പ്രാക്ടീസ് ചെയ്യുന്ന സ്ഥലത്ത് കണ്‍സല്‍ട്ടിങിനാണ് തുക ആവശ്യപ്പെട്ടതെന്നുമാണ് ഡോക്ടര്‍ പറയുന്നത്.