കൊല്ലം: കൊല്ലം പുനലൂരിൽ വളർത്തു നായയെ വീട്ടിൽ നിന്ന് മോഷ്ടിച്ച് കടത്തിക്കൊണ്ട് പോയി ദേഹമാസകലം മുറിവേൽപ്പിച്ച് റോഡിൽ ഉപേക്ഷിച്ചു. മോഷ്ടിക്കുന്ന സിസിടിവി ദൃശ്യം ഉൾപ്പെടെ പൊലീസിന് നൽകിയിട്ടും പ്രതികളെ പിടികൂടുന്നില്ലെന്നാണ് വീട്ടുകാരുടെ പരാതി. പുനലൂർ കക്കോട് സ്വദേശി ലക്ഷ്മിയുടെ വളർത്തു നായയെ പുതുവർഷത്തലേന്ന് രാത്രിയാണ് വീട്ടിൽ അതിക്രമിച്ച് കയറി കടത്തിക്കൊണ്ടു പോയത്.
വീട്ടിലുണ്ടായിരുന്ന മൂന്ന് നായ്ക്കളിൽ ഒന്നിനെയാണ് മോഷ്ടിച്ചത്. വീടിന്റെ ഗേറ്റ് ചാടിക്കടന്ന് അകത്തെത്തിയ യുവാവ് പോമറേനിയൻ ഇനത്തിൽപ്പെട്ട നായയുമാണ് പോകുന്ന ദൃശ്യം സിസിടിവിയിൽ പതിഞ്ഞു. പുറത്ത് ബൈക്കിൽ കാത്തു നിന്ന സംഘത്തേയും ദൃശ്യങ്ങളിൽ കാണാം. കഴിഞ്ഞ ദിവസം രാത്രി വീടിന് സമീപത്ത് നിന്ന് 500 മീറ്റർ അകലെ മുറിവേറ്റ നിലയിൽ റോഡിന് സമീപം നായയെ കണ്ടെത്തുകയായിരുന്നു. എന്നാൽ പരാതി നൽകി മൂന്ന് ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനായില്ല. ശരീരമാസകലം പരിക്കേറ്റ നായയ്ക്ക് പുനലൂർ മൃഗാശുപത്രിയിൽ ചികിൽസ നൽകി. പ്രതികളെ ഉടൻ പിടികൂടുമെന്നാണ് പൊലീസ് വിശദീകരണം.