ഒട്ടാവ: 2024ൽ യു.എസ് പ്രസിഡന്റായി വീണ്ടും ഡോണാൾഡ് ട്രംപെത്തിയാൽ കാലാവസ്ഥവ്യതിയാനത്തിനെതിരായ ലോകത്തിന്റെ പോരാട്ടത്തെ അത് ദോഷകരമായി ബാധിക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. വെള്ളിയാഴ്ച പുറത്ത് വന്ന കനേഡിയൻ പ്രധാനമന്ത്രിയുടെ ഏറ്റവും പുതിയ അഭിമുഖത്തിലാണ് ഇതുസംബന്ധിച്ച പരാമർശമുള്ളത്.
നേരത്തെ കാലാവസ്ഥവ്യതിയാനത്തിന്റെ ശാസ്ത്രത്തെ നിരാകരിച്ച് ഡോണൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. താൻ വീണ്ടും അധികാരത്തിലെത്തിയാൽ വികസ്വര രാജ്യങ്ങളിലെ മലിനീകരണം കുറക്കുന്നതിനായുള്ള ഫണ്ടിലേക്ക് യു.എസ് നൽകുന്ന മൂന്ന് ബില്യൺ ഡോളറിന്റെ സഹായം ഇല്ലാതാക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. പുനരുപയോഗ ഊർജസ്രോതസുകളിൽ ബൈഡൻ ഭരണകൂടം വൻ തുക നിക്ഷേപിക്കുന്നതിനേയും അദ്ദേഹം വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കനേഡിയൻ പ്രധാനമന്ത്രിയുടെ പ്രതികരണം.
ട്രംപ് അധികാരത്തിലെത്തിയാൽ കാലവസ്ഥവ്യതിയാനം തടയുന്നതിനുള്ള പദ്ധതികൾ അവതാളത്തിലാകുമോയെന്ന് ആശങ്കയുണ്ടെന്ന് ജസ്റ്റിൻ ട്രൂഡോ പ്രതികരിച്ചു. ട്രംപിന്റെ നേതൃത്വം കാലാവസ്ഥവ്യതിയാനത്തിനെതിരായ പോരാട്ടത്തിന്റെ വേഗത കുറക്കുമെന്നും തനിക്ക് ആശങ്കയുണ്ട്. പ്രസിഡന്റായിരുന്ന സമയത്ത് ട്രംപിന്റെ കാലവസ്ഥയോടുള്ള സമീപനം കാനഡക്ക് മാത്രമല്ല ലോകത്തിന് തന്നെ ഭീഷണിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കാലാവസ്ഥവ്യതിയാനം ചെറുക്കാൻ ബൈഡൻ ഭരണകൂടം വൻതോതിൽ പണം നിക്ഷേപിക്കുന്നുണ്ട്. കാർ നിർമാതാക്കളെ ഇലക്ട്രിക്കിലേക്ക് മാറാൻ പ്രോൽസാഹിപ്പിക്കുന്നതിനും ബൈഡൻ പദ്ധതികൾ ആവിഷ്‍കരിച്ചിരുന്നു. അതേസമയം, ഡോണൾഡ് ട്രംപുമായി നല്ല ബന്ധമല്ല ജസ്റ്റിൻ ട്രൂഡോക്ക് ഉള്ളത്. മുമ്പും ഇരുവരും തമ്മിൽ കൊമ്പുകോർത്തിട്ടുണ്ട്.