കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലിക്കിടയില്‍ കുത്തേറ്റ് മരിച്ച ഡോക്ടര്‍ വന്ദന ദാസിന്റെ സ്മരണാര്‍ത്ഥം നിര്‍മ്മിച്ച ക്ലിനിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും. ഇന്ന് വൈകിട്ട് 4 മണിക്കാണ് ഉദ്ഘാടനം.ആലപ്പുഴ തൃക്കുന്നപ്പുഴയിലെ കാര്‍ത്തികപ്പള്ളി നങ്ങ്യാര്‍കുളങ്ങര റോഡില്‍ സമീപമാണ് ക്ലിനിക്ക്. സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ വൈദ്യസഹായം എത്തിക്കുകയെന്ന വന്ദനയുടെ സ്വപ്നമാണ് യാഥാര്‍ത്ഥ്യമാകുന്നത്.
വെള്ളിയാഴ്ച രാവിലെ 9മണിക്ക് സൗജന്യ വൈദ്യ പരിശോധന ക്യാമ്പ് ആരംഭിക്കുമെന്ന് വന്ദനയുടെ പിതാവ് മോഹന്‍ദാസ് അറിയിച്ചു. പ്രാര്‍ത്ഥനാ ഹാളിന്റെ സമര്‍പ്പണം രാവിലെ ഏഴ് മണിക്ക് കേന്ദ്ര മന്ത്രി സുരേഷ് ഗോപി നിര്‍വഹിച്ചു. രമേശ് ചെന്നിത്തല എംഎല്‍എ, മന്ത്രി വി എന്‍ വാസവന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
തൃക്കുന്നപ്പുഴയില്‍ വന്ദനയുടെ അമ്മയുടെ കുടുംബവീട് പൊളിച്ചാണ് ഡോ. വന്ദനാ ദാസ് മെമ്മോറിയല്‍ ക്ലിനിക് സ്ഥാപിച്ചത്. 2000 ചതുരശ്ര അടി വിസ്താരമുള്ള ഇരുനില കെട്ടിടത്തിലാണ് ക്ലിനിക്ക്.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിച്ച സന്ദീപിന്റെ കുത്തേറ്റാണ് ഡോ. വന്ദന കൊല്ലപ്പെട്ടത്. ചികിത്സക്കായി പൊലീസ് എത്തിച്ച സ്‌കൂള്‍ അധ്യാപകന്‍ സന്ദീപാണ് വന്ദനയെ ആക്രമിച്ചത്. വന്ദന ദാസിന്റെ ശരീരത്തില്‍ 11 കുത്തുകളേറ്റതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. തുകിലും തലയിലുമേറ്റ കുത്തുകളാണ് മരണത്തിലേക്ക് നയിച്ചത്. മുതുകില്‍ ആറും തലയില്‍ മൂന്നും കുത്തുകളേറ്റു. ശരീരത്തിലാകെ 23 മുറിവുകളാണ് ഉള്ളതെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
2023 മേയ് 10ന് പുലര്‍ച്ചെയായിരുന്നു സംഭവം. അക്രമം കാട്ടിയ സന്ദീപിനെ (42) അര മണിക്കൂറോളം പിന്നിട്ട ശേഷമാണ് പൊലീസ് കീഴടക്കിയത്. സന്ദീപിന് ഒപ്പമുണ്ടായിരുന്ന പൊതുപ്രവര്‍ത്തകനായ ബിനുവിനും എയ്ഡ്‌പോസ്റ്റിലെ എ.എസ്.ഐ മണിലാല്‍, പൂയപ്പള്ളി സ്റ്റേഷനിലെ നൈറ്റ് ഓഫീസര്‍ ബേബി മോഹനന്‍, ഹോം ഗാര്‍ഡ് അലക്‌സ്, ആംബുലന്‍സ് ഡ്രൈവര്‍ രാജേഷ്, എന്നിവര്‍ക്കും ആക്രമണത്തില്‍ പരിക്കറ്റിരുന്നു.