24 December 2024

കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട മാസപ്പടി വിവാദത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ഇ ഡിയുടെ അന്വേഷണം നടക്കുന്നത് മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരാണെന്നതാണ് ഏറ്റവും സുപ്രധാന കാര്യം. സിഎംആര്‍എല്‍ എം ഡിയ്ക്കും ഉദ്യോഗസ്ഥര്‍ക്കും അയച്ച സമന്‍സില്‍ വീണയ്‌ക്കെതിരായ തെളിവുകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എക്‌സാലോജികും വീണയുമായുള്ള സിഎംആര്‍എലിന്റെ കരാറുകളുടെ പകര്‍പ്പ് ഹാജരാക്കാനും നിര്‍ദേശമുണ്ട്.

കഴിഞ്ഞ ദിവസമാണ് ഇ ഡി മാസപ്പടി കേസില്‍ അന്വേഷണം ആരംഭിച്ചത്. സിഎംആര്‍എല്‍ എം ഡി ശശിധരന്‍ കര്‍ത്തയ്്ക്കും നാല് ഉദ്യോഗസ്ഥര്‍ക്കും ഇ ഡി നോട്ടീസ് നല്‍കിയിരുന്നു. ഇതിന്റെ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സിഎംആര്‍എലിന് എക്‌സാലോജിക്, വീണ എന്നിവര്‍ നല്‍കിയ സേവനങ്ങളുടെ ഇന്‍വോയിസും ഇ ഡി തേടിയിട്ടുണ്ട്. വീണ, എക്‌സാലോജിക് എന്നിവരുമായി സിഎംആര്‍എല്‍ നടത്തിയ പണമിടപാടുകളുടെ ലെഡ്ജര്‍ ബുക്ക് ഹാജരാക്കാനും ഇ ഡി നിര്‍ദേശിച്ചിട്ടുണ്ട്.

സിഎംആര്‍എല്‍ എം ഡി ശശിധരന്‍ കര്‍ത്ത, മാനേജര്‍ ചന്ദ്രശേഖരന്‍, സീനിയര്‍ ഓഫിസര്‍ അഞ്ജു, സുരേഷ് എന്നിവര്‍ക്കാണ് നിലവില്‍ നോട്ടീസ് ലഭിച്ചിട്ടുള്ളത്. സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട വിവരങ്ങളാണ് അവരോട് തേടിയതെന്നാണ് ആദ്യം വിലയിരുത്തലുകള്‍ വന്നിരുന്നതെങ്കിലും മുഖ്യമന്ത്രിയുടെ മകള്‍ വീണയെ മാത്രം ലക്ഷ്യമിട്ടാണ് അന്വേഷണമെന്നും ഇപ്പോള്‍ വ്യക്തമാകുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!