ഏറ്റുമാനൂർ : മഹാദേവ ക്ഷേത്രത്തിൽ ഇന്ന് പള്ളിവേട്ട നടക്കും. നാളെ ആറാട്ടോടെ പത്തു നാൾ നീണ്ട ഉത്സവം കൊടിയിറങ്ങും. ഏഴരപ്പൊന്നാന ദിനമായ ഇന്നലെ മുതൽ ക്ഷേത്രത്തിൽ വലിയ തിരക്കാണ്.
തിരക്കു നിയന്ത്രിക്കുന്നതിനും ഭക്തർക്കു ദർശനസൗകര്യം ഒരുക്കുന്നതിനുമായി ദേവസ്വവും പൊലീസും ചേർന്നു വിപുലമായ സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. പള്ളിവേട്ട ദിനമായ ഇന്ന് ശ്രീബലിക്ക് കുടമാറ്റം ഉണ്ടാകും. മട്ടന്നൂർ ശങ്കരൻകുട്ടിയുടെ നേതൃത്വത്തിൽ 101 കലാകാരന്മാർ അണിനിരക്കുന്ന മേജർ സെറ്റ് പഞ്ചാരിമേളം, ആലപുരം രാജേഷും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യം എന്നിവ ഒൻപതാം ഉത്സവത്തിന്റെ മാറ്റു കൂട്ടും.
ഇന്നു രാത്രി 12നാണു പള്ളിവേട്ടയും ദീപക്കാഴ്ചയും. വിളക്ക് എഴുന്നള്ളിപ്പിന്റെ അവസാന പ്രദക്ഷിണത്തിനു മുൻപാണു പള്ളിവേട്ട നടക്കുന്നത്.
പാലക്കമ്പും ഇലഞ്ഞിക്കമ്പും കുത്തിയുണ്ടാക്കിയ കാടിനു മുന്നിൽ നിന്നു കുറുപ്പ് വേട്ട വിളിച്ച് അമ്പ് എയ്യുന്നതാണു ചടങ്ങ്. പള്ളിവേട്ടയ്ക്കു 3 ആനകളാണ് അകമ്പടി.
തുടർന്നു പടിഞ്ഞാറേനടയിൽ പ്രദക്ഷിണം നടക്കും.
രണ്ടാം ഉത്സവദിനത്തിൽ ആരംഭിച്ച ഉത്സവബലിയും കാട്ടാമ്പാക്ക് മഠത്തിൽ കുടുംബത്തിന്റെ അവകാശമായ വേലകളിയും ഇന്നു സമാപിക്കും. ഇന്നലെ വൈകിട്ട് എസ്എൻഡിപി ഏറ്റുമാനൂർ മേഖലയുടെ താലപ്പൊലി സമർപ്പണവും മാരിയമ്മൻ കോവിൽ ട്രസ്‌റ്റ്, എകെവിഎംഎസ്, കെവിഎസ്, വിഎസ്എസ്, ടിവിഎസ് മേഖലാ കമ്മിറ്റികളുടെ താലപ്പൊലി – അയ്മ്പൊലി സമർപ്പണവും ഭക്തിസാന്ദ്രമായി.
ഏറ്റുമാനൂരിൽ ഇന്ന്
രാവിലെ 7നു ശ്രീബലി, കുടമാറ്റം, പഞ്ചാരിമേളം – മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും സംഘവും, 12ന് ഓട്ടൻതുള്ളൽ, ഒന്നിന് ഉത്സവബലി ദർശനം, വൈകിട്ട് 5നു കാഴ്ചശ്രീബലി, വേല, സേവ, 6.30നു താലപ്പൊലി സമർപ്പണം – ഗണക മഹാസഭ ഏറ്റുമാനൂർ ശാഖ, 9നു ഭക്തിഗാനമേള – ഗായകൻ മധു ബാലകൃഷ്ണൻ, ചിത്ര അരുൺ ആൻഡ് പാർട്ടി. രാത്രി 12നു പള്ളിവേട്ട, ദീപക്കാഴ്ച.