26 December 2024

കൊൽക്കത്ത: പശ്ചിമബംഗാളിലെ സന്ദേശ്ഖാലിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘത്തിന് നേരെ ആക്രമണം. നോർത്ത് 24 പർഗാന ജില്ലയിലാണ് സംഭവം നടന്നത്. റേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് റെയ്ഡിനെത്തിയതായിരുന്നു എൻഫോഴ്സ്മെന്റ് സംഘം.

തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖിന്റെ വീട്ടിലാണ് ഇ.ഡി സംഘം റെയ്ഡിനെത്തിയത്. പ്രദേശത്തെ 200ഓളം പേർ വരുന്ന സംഘം ഇ.ഡി ഉദ്യോഗസ്ഥരേയും അർധ സൈനിക വിഭാഗത്തേയും വളയുകയായിരുന്നു. ഇ.ഡി ഉദ്യോഗസ്ഥർ എത്തിയ വാഹനങ്ങൾ ആൾക്കൂട്ടം തകർത്തു. അതേസമയം, ആക്രമണത്തിൽ ആർക്കെങ്കിലും പരിക്കേറ്റോയെന്നത് സംബന്ധിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല.

പശ്ചിമബംഗാളിൽ റേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് മാസങ്ങളായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടരുകയാണ്. ബംഗാളിലെ ജനങ്ങൾക്ക് നൽകേണ്ട റേഷൻവിഹിതത്തിൽ 30 ശതമാനത്തോളം വകമാറ്റി ഓപ്പൺ മാർക്കറ്റിൽ വിറ്റുവെന്ന ആരോപണത്തിലാണ് ഇ.ഡി അന്വേഷണം പുരോഗമിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് പശ്ചിമബംഗാൾ മന്ത്രി ജ്യോതി പ്രിയോ മല്ലിക് അറസ്റ്റിലായിരുന്നു. കള്ള​പ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് അറസ്റ്റ്. 2011 മുതൽ 2021 വരെ ജ്യോതി പ്രിയ മല്ലിക്കായിരുന്നു പശ്ചിമബംഗാളിലെ ഭക്ഷ്യമന്ത്രി. ഇക്കാലയളവിലാണ് റേഷൻ അഴിമതി നടന്നതെന്ന് ഇ.ഡി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!