മോഹന്‍ലാലും ഫഹദ് ഫാസിലും ഒന്നിച്ചുള്ള ചിത്രം ശ്രദ്ധ നേടുന്നു. മോഹന്‍ലാലിനെ ഫഹദ് കെട്ടിപിടിച്ച് സ്‌നേഹ ചുംബനം നല്‍കുന്ന ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. മോഹന്‍ലാല്‍ തന്നെയാണ് ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. ‘എട മോനെ ഐ ലവ് യു’ എന്ന കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.
നിരവധി ആരാധകര്‍ ചിത്രത്തിന് രസകരമായ കമന്റുകള്‍ പങ്കുവെക്കുന്നുണ്ട്. ‘രണ്ടു പേരോടും ഒത്തിരി ഇഷ്ടം’, ‘എടാ മോനെ പൊളിച്ചൂട്ടോ’, ‘ഒന്നുകൂടി ഒന്നിച്ചുകൂടെ’, ‘എന്താ മോനെ MEETS എട മോനെ’ എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകള്‍. ജയിലര്‍ എന്ന സിനിമയില്‍ ധരിച്ചിരുന്നതിന് സമാനമായ വസ്ത്രമാണ് മോഹന്‍ലാല്‍ ധരിച്ചിരിക്കുന്നത് എന്നും പല ആരാധകരും കമന്റുകളില്‍ പറയുന്നുണ്ട്.
റെഡ് വൈന്‍ എന്ന സിനിമയില്‍ മാത്രമാണ് മോഹന്‍ലാലും ഫഹദും ഒന്നിച്ച് അഭിനയിച്ചിട്ടുള്ളത്. 2013ല്‍ റിലീസ് ചെയ്ത സിനിമ സംവിധാനം ചെയ്തത് സലാം ബാപ്പുവായിരുന്നു. എസിപി രതീഷ് വാസുദേവന്‍ എന്ന കഥാപാത്രമായി മോഹന്‍ലാല്‍ എത്തിയ സിനിമയില്‍ അനൂപ് എന്ന പൊതുപ്രവര്‍ത്തകന്റെ വേഷത്തിലാണ് ഫഹദ് അഭിനയിച്ചത്. ഇരുവര്‍ക്കും പുറമെ ആസിഫ് അലിയും സിനിമയില്‍ മറ്റൊരു നായക കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.