25 December 2024

ചെന്നൈ: കൈക്കൂലി വാങ്ങിയതിന് ഇഡി ഉദ്യോഗസ്ഥൻ തമിഴ്നാട്ടിൽ അറസ്റ്റിൽ. മധുര ഡിണ്ടിഗലില്‍ വച്ചാണ് അങ്കിത് തിവാരിയെ തമിഴ്നാട് പൊലീസ് അറസ്റ്റുചെയ്തത്. മണൽ കോൺട്രാക്ടറില്‍ നിന്ന് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റ് ചെയ്തെന്നാണ് വിവരം. ഔദ്യോഗിക വാഹനത്തിൽ വച്ചാണ് അറസ്റ്റെന്നും വിവരമുണ്ട്. തമിഴ്നാട്ടിൽ ഡിഎംകെ നേതാക്കളെ ലക്ഷ്യമിട്ട് ഇഡി നടപടി വ്യാപകമായിരിക്കെയുള്ള അറസ്റ്റിന് രാഷ്ട്രീയ പ്രാധാന്യവുമുണ്ട്. ഇഡി അഴിമതിക്കാര്‍ എന്ന ഹാഷ് ടാഗിൽ ഡിഎംകെ സൈബര്‍ ഹാൻഡിലുകൾ അങ്കിതിന്‍റെ ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ മാസം രാജസ്ഥാനിലും ഇഡി ഉദ്യോഗസ്ഥൻ കൈക്കൂലി കേസിൽ അറസ്റ്റിലായിരുന്നു.

നേരത്തെ രാജസ്ഥാനിലും രണ്ട് ഇഡി ഉദ്യോഗസ്ഥര്‍ അറസ്റ്റിലായിരുന്നു.ചിട്ടി ഫണ്ട് വിഷയത്തിൽ കേസ് എടുക്കാതിരിക്കാന്‍ ഇ ഡി ഉദ്യോഗസ്ഥര്‍ 17 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ് ആരോപണം. രണ്ട് ഇ ഡി ഉദ്യോഗസ്ഥരും കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായതെന്ന് രാജസ്ഥാൻ അഴിമതി വിരുദ്ധ ബ്യൂറോ (എ സി ബി) അറിയിച്ചിരുന്നത്. മണിപ്പൂരിലെ ഇംഫാലിൽ എൻഫോഴ്‌സ്‌മെന്റ് ഓഫീസറായ നവൽ കിഷോർ മീണ 17 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി എസിബി അഡീഷണൽ ഡയറക്ടർ ജനറൽ ഹേമന്ത് പ്രിയദർശി പറഞ്ഞു.

പരാതിക്കാരന്റെ ഇംഫാലിലെ സ്വത്ത് കണ്ടുകെട്ടാതിരിക്കുന്നതിനും ഇംഫാലിലെ ചിട്ടി ഫണ്ട് അഴിമതിയിൽ അറസ്റ്റ് ചെയ്യാതിരിക്കുന്നതിനുമാണ് കൈക്കൂലി ആവശ്യപ്പെട്ടത്. പരാതി പരിശോധിച്ച ശേഷം ജയ്പൂരിലെ എസിബി ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഡോ. രവിയുടെ നേതൃത്വത്തിലുള്ള സംഘം, 15 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ മീനയെയും കൂട്ടാളി ബാബുലാൽ മീണയെയും പിടികൂടിയതായി ഹേമന്ത് പ്രിയദർശി പറഞ്ഞു. നവൽ കിഷോറും ബാബുലാൽ മീണയും ജയ്പൂരിലെ ബസ്സി സ്വദേശികളാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!