25 December 2024

തൃശ്ശൂര്‍: പൊതു വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് സർക്കാർ നയമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തികച്ചും ആന്തരികമായി നടക്കുന്ന ശില്പശാലകളിൽ വിമർശനപരമായി വിദ്യാഭ്യാസത്തെ എങ്ങിനെ സമീപിക്കണം എന്ന് അഭിപ്രായം പറയുന്നതിനെ സർക്കാർ നിലപാടായി കാണേണ്ടതില്ല. അധ്യാപകരുടെ യോഗത്തിലേതെന്ന് പറഞ്ഞ് ഒരു ശബ്ദരേഖ പുറത്ത് വന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.കുട്ടികളെ പരാജയപ്പെടുത്തി യാന്ത്രികമായി ഗുണമേന്മ വർദ്ധിപ്പിക്കുക എന്നത് സർക്കാർ നയമല്ല. എല്ലാ കുട്ടികളേയും ഉൾച്ചേർത്തു കൊണ്ടും ഉൾക്കൊണ്ടു കൊണ്ടും ഗുണമേന്മ വർദ്ധിപ്പിക്കുക എന്നതാണ് സർക്കാർ നയം. അതിൽ ഒരു മാറ്റവും വരുത്താൻ ഉദ്ദേശിക്കുന്നില്ല. കേരള വിദ്യാഭ്യാസ മാതൃക ഏറെ പ്രകീർത്തിക്കപ്പെട്ടതാണ്. ദേശീയ ഗുണനിലവാര സൂചികകളിലും കേരളം മുൻപന്തിയിലാണ്. യുണിസെഫ് പോലുള്ള രാജ്യാന്തര ഏജൻസികളും കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെ അഭിനന്ദിച്ചതാണ്. കേരള മാതൃകയെ കൂടുതൽ മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങളിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് എന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!