കൊച്ചി: കാട്ടാനകളെ പിടികൂടാനുള്ള ചട്ടം രൂപീകരിക്കുമ്പോള്‍ വനം-വന്യജീവി സംരക്ഷണ നിയമം കൂടി കണക്കിലെടുക്കണമെന്ന നിര്‍ദേശവുമായി ഹൈക്കോടതി. 2018 മുതല്‍ 2021 വരെ പിടികൂടിയ കാട്ടാനകളില്‍ 40 ശതമാനവും ചരിഞ്ഞുവെന്ന് ജസ്റ്റിസുമാരായ എ കെ ജയശങ്കരന്‍ നമ്പ്യാര്‍, പി ഗോപിനാഥ് എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി. ഷെഡ്യൂള്‍ ഒന്നില്‍പ്പെട്ട വന്യമൃഗങ്ങളുടെ ഉള്‍പ്പെടെയുള്ളവയുടെ ഉടമസ്ഥാവകാശം ആര്‍ക്കും നേടാനാകില്ല.
കാട്ടാനകളെ പിടികൂടാന്‍ അനുമതി കൊടുക്കുന്നതിലൂടെ വേട്ടയ്ക്ക് അനുമതി നല്‍കുകയാണ് ചെയ്യുന്നതെന്നും കോടതി ഓര്‍മ്മിപ്പിച്ചു. കോടതിയുടെ അനുമതിയില്ലാതെ കേരളത്തിലേക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ആനകളെ കൊണ്ടുവരാനാകില്ല. ആനകളുടെ എഴുന്നള്ളത്ത് സംബന്ധിച്ച് ഇന്ന് തന്നെ മാര്‍ഗ്ഗരേഖ പുറപ്പെടുവിക്കുമെന്നും ഹൈക്കോടതി പറഞ്ഞു. സുപ്രീം കോടതി ഉത്തരവ് പാലിച്ചുകൊണ്ടായിരിക്കും മാര്‍ഗരേഖ സംബന്ധിച്ച ഇടക്കാല ഉത്തരവിറക്കുകയെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.