ഉപഭോക്താക്കളുടെ പോസ്റ്റുകള്‍ക്ക് ലഭിക്കുന്ന ലൈക്കുകള്‍ ഹൈഡ് ചെയ്യാന്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് സമൂഹ മാധ്യമമായ എക്സ്. സ്വകാര്യ ലൈക്കുകള്‍ (പ്രൈവറ്റ് ലൈക്കുകള്‍) ഉപയോഗിച്ച് ഉപയോക്താക്കള്‍ പോസ്റ്റുകള്‍ക്ക് നല്കുന്ന ലൈക്കുകള്‍ ഡിഫോള്‍ട്ടായി മറക്കപ്പെടും. അതായത് നിങ്ങള്‍ ഏതൊരു പോസ്റ്റിന് ചെയ്യുന്ന ലൈക്കും മറ്റൊരാള്‍ക്ക് കാണാന്‍ കഴിയില്ല എന്നര്‍ത്ഥം. എക്സിന്റെ പ്രീമിയം വരിക്കാര്‍ക്ക് ഈ ഫീച്ചര്‍ ലഭ്യമാണ്.
ഭയപ്പെടാതെ പോസ്റ്റുകള്‍ ലൈക്ക് ചെയ്യാന്‍ ആളുകളെ അനുവദിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് എക്സ് ഉടമ ഇലോണ്‍ മാസ്ക് പുതിയ ഫീച്ചറിന്റെ സ്ക്രീന്‍ഷോട്ടും പങ്കുവെച്ചിട്ടുണ്ട്. നിങ്ങള്‍ ലൈക്ക് ചെയ്ത പോസ്റ്റുകള്‍ നിങ്ങള്‍ക്ക് തുടര്‍ന്നും കാണാന്‍ കഴിയും, പക്ഷെ മറ്റുള്ളവര്‍ക്ക് അത് കാണാന്‍ കഴിയില്ല. നിങ്ങളുടെ സ്വന്തം പോസ്റ്റുകള്‍ക്കായുള്ള ലൈക്ക് കൗണ്ടും മറ്റ് മെട്രിക്കുകളും അറിയിപ്പുകള്‍ക്ക് കീഴില്‍ തുടര്‍ന്നും കാണിക്കും. മറ്റൊരാളുടെ പോസ്റ്റ് ആരാണ് ലൈക്ക് ചെയ്തതെന്ന് നിങ്ങള്‍ക്കിനി കാണാന്‍ കഴിയില്ല. പോസ്റ്റിട്ടയാള്‍ക്ക് ലൈക്ക് ചെയ്തത് ആരൊക്കെയെന്ന് അറിയാന്‍ കഴിയും. ഇങ്ങനെയാണ് മസ്ക് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്.
ലൈക്കുകളുടെ പേരില്‍ ഉപഭോക്താക്കള്‍ക്ക് നേരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ തടയാനാണ് ഈ നീക്കം. ഉപയോക്താക്കളുടെ പൊതു പ്രതിച്ഛായ സംരക്ഷിക്കുന്നതിനാണ് ഈ മാറ്റം ലക്ഷ്യമിടുന്നതെന്ന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ്, എക്സിന്റെ എഞ്ചിനീയറിംഗ് ഡയറക്ടര്‍ ഹവോഫീ വാങ് വിശദീകരിച്ചിരുന്നു. വിവാദമായേക്കാവുന്ന പോസ്റ്റുകള്‍ കണ്ട ഉപഭോക്താക്കള്‍ സ്വന്തം പ്രതിച്ഛായ ഭയന്ന് അത് ലൈക്ക് ചെയ്യാതെ പോകുന്നുണ്ട്. സ്വന്തം ഇഷ്ടങ്ങള്‍ അംഗീകരിക്കുന്നതില്‍ നിന്ന് നിരുത്സാഹപ്പെടുത്തുകയാണ് ഇത്തരം പ്രവണതകളെന്നും വാങ് പറഞ്ഞിരുന്നു.