26 December 2024

ലോക നേതാക്കളുടെ റാംപ് വാക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ വൈറല്‍ വീഡിയോ. എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിര്‍മ്മിച്ച വീഡിയോ പങ്കിട്ടിരിക്കുന്നത് എലോണ്‍ മസ്‌ക് ആണ്.

ടെസ്ല സിഇഒ എലോണ്‍ മസ്‌ക്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഡൊണാള്‍ഡ് ട്രംപ്, ജോ ബൈഡന്‍, വ്ളാഡിമിര്‍ പുടിന്‍, മാര്‍ക്ക് സക്കര്‍ബര്‍ഗ് എന്നിവരുള്‍പ്പെടെയുള്ള ലോക നേതാക്കളുടെയും ആഗോള വ്യക്തിത്വങ്ങളുടെയും എഐ ജനറേറ്റുചെയ്ത വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

”ഒരു എ ഐ ഫാഷന്‍ ഷോയ്ക്കുള്ള മികച്ച സമയം” എന്ന അടിക്കുറിപ്പോടെയാണ് 45 ദശലക്ഷത്തോളം കാഴ്ചക്കാരെ നേടിയ വീഡിയോ എലോണ്‍ മസ്‌ക് ഷെയര്‍ ചെയ്തത്.

ഫാഷന്‍ വസ്ത്രങ്ങള്‍ ധരിച്ച്, കമല ഹാരിസ്, ബറാക് ഒബാമ, പോപ്പ് ഫ്രാന്‍സിസ്, ഷി ജിന്‍പിംഗ്, ഉത്തര കൊറിയയുടെ കിം ജോങ് ഉന്‍, ടിം കുക്ക്, ബില്‍, ഹിലാരി ക്ലിന്റണ്‍, ജെഫ് ബെസോസ്, ബെര്‍ണി സാന്‍ഡേഴ്സ്, ബില്‍ ഗേറ്റ്‌സ് എന്നിവരും വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും എലോണ്‍ മസ്‌കും വിവിധ ഫാഷന്‍ വസ്ത്രങ്ങളില്‍ റാംപിലെത്തി.

വെര്‍ച്വല്‍ ഫാഷന്‍ ഷോയ്ക്കിടെ ഫ്രാന്‍സിസ് മാര്‍പാപ്പ വെള്ള പഫര്‍ ജാക്കറ്റില്‍ റാംപില്‍ നടക്കുന്നതും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഓഫ് ഷോള്‍ഡര്‍ ലൂയിസ് വിറ്റണ്‍ വസ്ത്രം ധരിച്ച് നടക്കുന്നതും വീഡിയോ കാണാം. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വീല്‍ചെയറിലാണ് വീഡിയോയില്‍ റാംപിലെത്തുന്നത്.

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഓറഞ്ച് നിറത്തിലുള്ള വസ്ത്രം ധരിച്ചിരിക്കുമ്പോള്‍ ടെസ്ല പ്രമേയമുള്ള സ്യൂട്ട് ആയിരുന്നു ഇലോണ്‍ മസ്‌ക് ധരിച്ചിരുന്നത്. മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ വസ്ത്രധാരണത്തില്‍ ഒന്നിലധികം മാറ്റങ്ങള്‍ വരുത്തിയപ്പോള്‍ കിം ജോങ് ഉന്‍ സ്വര്‍ണ്ണ നെക്ലേസോടുകൂടിയ ബാഗി ഹൂഡി തിരഞ്ഞെടുത്തു. ഊര്‍ജ്ജസ്വലമായ വസ്ത്രമാണ് പ്രധാനമന്ത്രി മോദി ധരിച്ചിരുന്നത്.

മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ് ‘റണ്‍വേ ഓഫ് പവര്‍’ എന്നെഴുതിയ പ്ലക്കാര്‍ഡും പിടിച്ച് റാംപിലൂടെ നടന്നുപോകുന്നതോടെയാണ് വീഡിയോ അവസാനിച്ചത്. പിന്നീട് ബ്ലൂ സ്‌ക്രീന്‍ ഓഫ് ഡെത്ത് തകരാറായി വീഡിയോ മാറി. ജൂലൈ 19 ന് ലോകത്തെ മണിക്കൂറുകളോളം സ്തംഭിപ്പിച്ച ആഗോള മൈക്രോസോഫ്റ്റ് തകര്‍ച്ചയെ പരിഹാസിച്ചാണ് വീഡിയോ അവസാനിപ്പിച്ചത്.

ഇലോണ്‍ മസ്‌കിന്റെ പോസ്റ്റിന്റെ കമന്റ് ബോക്‌സില്‍ നിരവധി ഉപയോക്താക്കള്‍ അവരുടെ പ്രിയപ്പെട്ടവയെക്കുറിച്ച് എഴുതി.

ചുവന്ന വസ്ത്രം ധരിച്ച കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്കാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കളില്‍ നിന്ന് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത്. പ്രധാനമന്ത്രി മോദിയാണ് ഫാഷന്‍ ഷോയിലെ വിജയിയെന്ന് പലരും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!