24 December 2024

ഡല്‍ഹി; ആഫ്രിക്കയില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന എംപോക്‌സ് വൈറസിനെതിരെ (മുമ്പത്തെ മങ്കിപോക്‌സ്) മുന്‍കരുതലുകളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. വൈറസിന്റെ വ്യാപനം തടയാനായി ആശുപത്രികളിലും വിമാനത്തവാളങ്ങളിലും അത്യാഹിത വാര്‍ഡുകള്‍ സജ്ജീകരിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

കഴിഞ്ഞ ബുധനാഴ്ച ലോകാരോഗ്യസംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിതിനു പിന്നാലെയാണ് ഇന്ത്യയുടെ നീക്കം. തൊലിപ്പുറത്ത് തിണര്‍പ്പുമായി ആശുപത്രികളില്‍ എത്തുന്നവരെ തിരിച്ചറിഞ്ഞ് ഐസൊലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റാനുള്ള നിര്‍ദേശം ആശുപത്രി അധികൃതര്‍ക്ക് നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രോഗലക്ഷണങ്ങളുള്ളവരുടെ സാംപ്ള്‍ എടുത്ത് പരിശോധിക്കും. മുന്‍കരുതല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ വിമാനത്താവളങ്ങള്‍ക്കും നിര്‍ദേശമുണ്ട്. ഇന്ത്യയില്‍ ഇതുവരെ എംപോക്സിന്റെ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ആഫ്രിക്കയിലെ വൈറസ് വ്യാപനത്തിനുശേഷം സ്വീഡനിലാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. ജൂണ്‍ 2022-മുതല്‍ മെയ് 2023 വരെ 30 എംപോക്‌സ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

നിലവിലെ വ്യാപനത്തിന് കാരണമായിട്ടുള്ള പുതിയ വകഭേദം ദ്രുതഗതിയിലാണ് പടരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. clade Ib എന്ന വകഭേദമാണ് ആഫ്രിക്കയുള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ രോഗവ്യാപനത്തിനുപിന്നില്‍. 2022-ലെ രോഗവ്യാപനത്തിന് കാരണമായിരുന്നത് clade IIb വകഭേദമാണ്.

അന്ന് 116 രാജ്യങ്ങളില്‍ നിന്നായി 100,000 പേരെയാണ് രോഗം ബാധിച്ചത്. മരണപ്പെട്ടത് 200 പേരും. ഇന്ത്യയില്‍ ഇരുപത്തിയേഴുപേര്‍ രോഗബാധിതരാവുകയും ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു. മുമ്പത്തെ വകഭേദത്തെ അപേക്ഷിച്ച് തീവ്രവ്യാപനശേഷിയാണ് clade Ib-ക്ക് ഉള്ളതെന്ന് വിദഗ്ധര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!