കണ്ണൂര്‍: കണ്ണൂരിലും എം പോക്സെന്ന് സംശയം. രോഗലക്ഷണങ്ങളോടെ ഒരാളെ ചികിത്സയില്‍ പ്രവേശിപ്പിച്ചു. പരിയാരം മെഡിക്കല്‍ കോളേജില്‍ ഐസോലേഷനിലാണ് ചികിത്സയില്‍ കഴിയുന്നത്. സെപ്തംബര്‍ ഒന്നിന് വിദേശത്ത് നിന്നും വന്നയാളാണ് എംപോക്സ് രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചുതുടങ്ങിയത്.
കഴിഞ്ഞ ഒരാഴ്ച്ചയായി രോഗ ലക്ഷണങ്ങളുള്ളയാളെ ഇന്ന് രാവിലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഐസൊലേഷനിലേക്ക് മാറ്റിയത്. സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു. പരിശോധന ഫലം നാളെയോ മറ്റന്നാളോ ലഭിക്കും.
ദുബൈയില്‍നിന്നെത്തിയ 38 വയസുകാരനായ മലപ്പുറം എടവണ്ണ സ്വദേശിക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. വ്യാപനശേഷികുറഞ്ഞ എം പോക്സ് വകഭേദം 2 ബിയാണ് ഇയാളെ ബാധിച്ചിരിക്കുന്നതെന്ന് പരിശോധനാഫലത്തിൽ നിന്ന് വ്യക്തമായി.
നിലവിൽ ഇയാൾ മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. തിരുവനന്തപുരത്തെ ലാബിൽ ആണ് പരിശോധന നടത്തിയത്. ടു ബി വകഭേദം ആയതിനാൽ വായുവിലൂടെ വൈറസ് വ്യാപിക്കില്ല.രോഗിയുമായി അടുത്ത സമ്പർക്കം ഉള്ളവർക്കെ രോഗം പകരാനിടയുള്ളൂ.