25 December 2024

ഈ വര്‍ഷം തുടക്കത്തില്‍ തന്നെ, പരസ്യം പ്രദര്‍ശിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് പ്രൈം വീഡിയോ പ്രഖ്യാപിച്ചിരുന്നു. അതാണ് ചില രാജ്യങ്ങളില്‍ ഇപ്പോള്‍ പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്. യു.എസ്, യു.കെ, ജര്‍മനി, കാനഡ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ ആമസോണ്‍ പ്രൈം ഉപഭോക്താക്കള്‍ക്ക് ലഭിച്ച ഇമെയില്‍ സന്ദേശത്തിലാണ് ഇതിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ജനുവരി 29 മുതല്‍ ആമസോണ്‍ പ്രൈമില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങുമെന്നാണ് കമ്പനിയുടെ അറിയിപ്പ്. നിശ്ചിത തുക നല്‍കിയാല്‍ പരസ്യങ്ങള്‍ ഒഴിവാക്കി സിനിമകള്‍ കാണാന്‍ സാധിക്കുമെന്നും സന്ദേശത്തില്‍ കമ്പനി വ്യക്തമാക്കി.

ഉള്ളടക്കങ്ങള്‍ക്ക് വേണ്ടിയുള്ള നിക്ഷേപ പണം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റം. പരസ്യം കാണിക്കുന്നതിനെ കുറിച്ചുള്ള കമ്പനിയുടെ പ്രതികരണം ഇങ്ങനെയാണ്. ടിവി ചാനലുകളേക്കാലും മറ്റ് സ്ട്രീമിങ് സേവനദാതാക്കളേക്കാളും കുറച്ച് പരസ്യങ്ങള്‍ മാത്രമാണ് ലക്ഷ്യമിടുന്നത്. പരസ്യങ്ങള്‍ ഒഴിവാക്കാന്‍ 2.99 ഡോളറാണ് (248.8 രൂപ) ആണ് പ്രതിമാസം നല്‍കേണ്ടതെന്നും ആമസോണ്‍ പ്രൈം അറിയിച്ചു.

കൂടാതെ പരസ്യങ്ങളില്ലാത്ത പ്ലാന്‍ എടുക്കുന്നതിനുള്ള ലിങ്കും ഉപഭോക്താക്കള്‍ക്ക് ഇമെയിലില്‍ ലഭ്യമായിട്ടുണ്ട്. ചില രാജ്യങ്ങളില്‍ മാത്രമേ മാറ്റം അവതരിപ്പിച്ചിട്ടുള്ളൂ. ഇന്ത്യ ഉള്‍പ്പെടെ മറ്റെല്ലാ രാജ്യങ്ങളിലേക്കും വൈകാതെ ഈ പ്ലാന്‍ എത്തിച്ചേരും. നിലവില്‍ പ്രതിമാസം 299 രൂപയാണ് ആമസോണ്‍ പ്രൈമിന്റെ സബ്‌സ്‌ക്രിപ്ഷന്‍ നിരക്ക്. 1499 രൂപയാണ് വാര്‍ഷിക നിരക്ക്. ഇന്ത്യയില്‍ പുതിയ മാറ്റം അവതരിപ്പിച്ചാല്‍ ഈ പ്ലാനുകള്‍ ഉപയോഗിക്കുന്നവര്‍ക്കും പരസ്യങ്ങള്‍ കാണേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!