25 December 2024

മ്യൂസിക് സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ സ്പോട്ടിഫൈയിൽ കൂട്ടപ്പിരിച്ചുവിടൽ. 17 ശതമാനം ജീവനക്കാരെ പിരിച്ചു വിടുമെന്ന് കമ്പനി സിഇഒ ഡാനിയേല്‍ ഇ.കെ അറിയിച്ചു. കൂടുതല്‍ കാര്യക്ഷമത കൈവരിക്കുന്നതിനും ചിലവുകളുടെ കാര്യത്തില്‍ ക്രമീകരണങ്ങള്‍ കൊണ്ടുവരുന്നതിനും വേണ്ടിയാണ് ജീവനക്കാരെ ഒഴിവാക്കുന്നതെന്ന് അറിയിപ്പില്‍ പറയുന്നു.

സ്പോട്ടിഫൈയിലെ 1500 ഓളം പേർക്ക് ഈ വർഷം ജോലി നഷ്ടമാകുമെന്നാണ് കണക്ക്. കമ്പനി നല്ല നിലയില്‍ മുന്നോട്ട് പോവുകയാണെങ്കിലും ആഗോള സാമ്പത്തിക രംഗം അത്ര നല്ല അവസ്ഥയിലല്ല എന്നാണ് സിഇഒയുടെ വാക്കുകള്‍. ബിസിനസ് വളര്‍ത്തുന്നതിനായി പണം ലഭ്യമാവുന്നത് പോലുള്ള കാര്യങ്ങള്‍ക്ക് ചെലവേറി. ഇതാണ് പണം എങ്ങനെ ചെലവഴിക്കണമെന്നും ജോലികള്‍ ചെയ്യാന്‍ എത്ര ആളുകള്‍ വേണമെന്നും ചിന്തിക്കാന്‍ സ്പോട്ടിഫൈയെ പ്രേരിപ്പിച്ചത്.

ഭാവി ലക്ഷ്യങ്ങള്‍ക്ക് അനിയോജ്യമായ തരത്തിലും വെല്ലുവിളികള്‍ നേരിടാന്‍ പ്രാപ്തമായ ശരിയായ അളവിലുമുള്ള ആള്‍ബലവും ഉറപ്പാക്കാന്‍ ഇപ്പോഴത്തെ ജീവനക്കാരുടെ എണ്ണത്തില്‍ 17 ശതമാനത്തിന്റെ കുറവ് വരുത്താനുള്ള കടുത്ത തീരുമാനം തനിക്ക് എടുക്കേണ്ടി വന്നുവെന്നും സിഇഒ പറയുന്നു. തങ്ങള്‍ക്ക് വേണ്ടി വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ നിരവധിപ്പേരെ ഈ തീരുമാനം ബാധിക്കും. കഴിവും കഠിനാധ്വാന ശീലവുമുള്ള നിരവധിപ്പേര്‍ കമ്പനിയില്‍ നിന്ന് വിട്ടുപിരിയേണ്ടി വരുമെന്നും ഡാനിയേല്‍ ഇ.കെയുടെ ബ്ലോഗ് പോസ്റ്റില്‍ പറയുന്നു.

ജോലി ചെയ്ത ജീവനക്കാര്‍ക്ക് അവരുടെ സേവന കാലയളവ് കണക്കിലെടുത്തും ഇതുവരെ ഉപയോഗപ്പെടുത്താത്ത അവധി ദിനസങ്ങള്‍ക്ക് ആനുപാതികമായും സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കും. ആരോഗ്യ സംരക്ഷണ ആനുകൂല്യങ്ങള്‍ കുറച്ച് നാള്‍ കൂടി തുടരും. 2023 ജൂണില്‍ സ്പോട്ടിഫൈയുടെ പോഡ്കാസ്റ്റ് യൂണിറ്റില്‍ ജോലി ചെയ്തിരുന്ന 200 പേരെ കമ്പനി പിരിച്ചുവിട്ടിരുന്നു. ആകെ ജീവനക്കാരുടെ രണ്ട് ശതമാനത്തെ ഒഴിവാക്കുന്നു എന്നാണ് അന്ന് അറിയിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!