24 December 2024

താന്‍ ബി.ജെ.പിയിലേക്ക് പോകുമെന്ന കെ സുധാകരന്റെ ആരോപണത്തിന് മറുപടിയുമായി ഇ.പി ജയരാജന്‍. സുധാകരന് തന്നോട് പകയാണെന്നും, സുധാകരന്‍ ബിജെപിയില്‍ ചേരാന്‍ വണ്ടി കയറി ചെന്നൈ വരെ എത്തിയതാണെന്നും ജയരാജന്‍ പറയുന്നു. സുധാകരന്റെ ആരോപണത്തിന് പിന്നാലെ കാര്യത്തില്‍ വ്യക്തത തേടി തന്നെ സമീപിച്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ജയരാജന്‍. ബി.ജെ.പിയിലേക്കും ആര്‍.എസ്.എസിലേക്കും പോവേണ്ട ആവശ്യം തനിക്കില്ലെന്ന് ഇ.പി. ജയരാജന്‍ പറഞ്ഞു. താന്‍ അവര്‍ക്കെതിരായി പൊരുതിവന്നവനാണ്. തന്നെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍ ജനങ്ങള്‍ വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

‘എനിക്ക് ബിജെപിയില്‍ പോകേണ്ട കാര്യമില്ല. എന്നെ വധിക്കാന്‍ പലവട്ടം ശ്രമിച്ചവരാണ് ബിജെപിക്കാര്‍. സുധാകരന്‍ അമിത് ഷായുമായും ബി.ജെ.പി. നേതാക്കളുമായും ബന്ധപ്പെടാനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നുവെന്ന് സുധാകരന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ബി.ജെ.പിയിലേക്ക് പോകാന്‍ സുധാകരന്‍ തയ്യാറെടുത്തുകഴിഞ്ഞു. സുധാകരന്‍ ബി.ജെ.പിയാകുമെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. സാധാരണ കഴിക്കുന്ന മരുന്ന് സുധാകരന്‍ ഇന്നലെ കഴിച്ചിട്ടില്ലെന്നാണ് തോന്നുന്നത്. അതുകൊണ്ട് ഇന്ന് രാവിലെ അതിന്റെ തകരാറ് പ്രകടിപ്പിച്ചത്.

അള്‍ഷിമേഴ്സ് ഉണ്ടോ അദ്ദേഹത്തിന്. എന്തോ ഒരു തകരാറുണ്ടിപ്പോള്‍. ഈ തകരാറുംകൊണ്ട് പോയാല്‍ എങ്ങനെ കോണ്‍ഗ്രസിനെ നയിക്കാന്‍ കഴിയും? സാമാന്യഗതിയില്‍ നല്ല മനുഷ്യനാകാന്‍ നോക്ക്, ഒരു നല്ല രാഷ്ട്രീയ നേതാവാകാന്‍ കഴിയുമോയെന്ന് പരിശ്രമിക്ക്, മരുന്ന് കൃത്യമായി കഴിക്ക്, ഓര്‍മശക്തി തിരിച്ചുപിടിക്കൂ, സത്യങ്ങളില്‍ ഊന്നിനില്‍ക്കൂ…’, അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!