കണ്ണൂര്‍: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പി സരിന് വേണ്ടി പ്രസംഗിക്കാന്‍ ഇ പി ജയരാജനെത്തും. നവംബര്‍ 14നാണ് ഇ പി ജയരാജന്റെ പാലക്കാട്ടെ പൊതുയോഗം. പാലക്കാട് ബസ്റ്റാന്‍ഡ് പരിസരത്താണ് ഇ പി ജയരാജന് സംസാരിക്കുക. സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആവശ്യ പ്രകാരമാണ് ഇപി പാലക്കാട് എത്തുന്നത്.
ചേലക്കര-വയനാട് ഉപതിരഞ്ഞെടുപ്പ് ദിവസം പുറത്ത് വന്ന ഇപിയുടെ ആത്മകഥയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഇടതുമുന്നണിയുടെ പാലക്കാട് സ്ഥാനാര്‍ത്ഥി പി സരിന്റെ സ്ഥാനാര്‍ത്ഥിത്വവും ചര്‍ച്ചയായിരുന്നു. സ്ഥാനമാനങ്ങള്‍ പ്രതീക്ഷിച്ച് വരുന്നവര്‍ വയ്യാവേലിയാണെന്നായിരുന്നു സരിനുമായി ബന്ധപ്പെട്ട് ആത്മകഥയുമായി ബന്ധപ്പെട്ട് പുറത്ത് വന്ന നിലപാട്. പി വി അന്‍വര്‍ പോലും ഇത്തരം പ്രതീകമായിരുന്നുവെന്നും സരിനെ സ്ഥാനാര്‍ഥിയാക്കിയ തീരുമാനം ശരിയോ തെറ്റോ എന്ന് കാലം തെളിയിക്കുമെന്നും ഇ പിയുടെ ആത്മകഥയില്‍ ഉണ്ടെന്നാണ് പുറത്ത് വന്ന വിവരം.
വിഷയത്തില്‍ പ്രതികരണവുമായി സരിനും രംഗത്ത് വന്നിരുന്നു. ഇ പി ജയരാജന് തന്നെ വാര്‍ത്തകള്‍ നിഷേധിച്ചിട്ടുണ്ടെന്നും ഇ പി ജയരാജന്റെ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്തതാണെങ്കില്‍ വിഷയം ചര്ച്ചയാകണമെന്നുമായിരുന്നു പി സരിന് മാധ്യമങ്ങളോട് പ്രതികരിച്ചത്. ‘സഖാവ് ഇ പി ജയരാജന് വാര്‍ത്തകള്‍ നിഷേധിച്ചു. ഞാനൊരു പച്ചയായ മനുഷ്യനാണെന്ന് വിലയിരുത്തപ്പെടേണ്ട ഒരു തിരഞ്ഞെടുപ്പായി ഇത് മാറുമെന്ന പ്രതീക്ഷയിലാണ്. പുസ്തകം പുറത്ത് വന്നാലല്ലേ അതിലെ കാര്യങ്ങള്‍ അറിയൂ. അതുകൊണ്ട് തന്നെ പുസ്തകം വാങ്ങി വായിക്കുമ്പോള്‍ അങ്ങനൊരു പരാമര്‍ശമുണ്ടെങ്കില്‍ ഞാന്‍ പ്രതികരിച്ചാല്‍ പോരെ’, എന്നായിരുന്നു സരിന്റെ പ്രതികരണം.