തിരുപ്പൂർ : ഏതാനുംവർഷത്തെ ഇടവേളയ്ക്കുശേഷം ശീതകാല അതിഥിയായി ‘ബ്ലൂ ത്രോട്ട്’ ദേശാടനപ്പക്ഷിയിനം യൂറോപ്പിൽ നിന്ന് തിരുപ്പൂരിലെ നഞ്ചരായൻകുളം പക്ഷിസങ്കേതത്തിലെത്തി. തിരുപ്പൂർ നേച്ചർ സൊസൈറ്റിയിലെ സ്ഥിരം പക്ഷിനിരീക്ഷകർ ദിവസേനയുള്ള പക്ഷിനിരീക്ഷണം നടത്തുന്നതിനിടയിലാണ് ഈയിനത്തെ കണ്ടെത്തിയത്.
എന്നാൽ, എല്ലാക്കൊല്ലവും ശീതകാലമാകുമ്പോഴേക്ക് നഞ്ചരായൻകുളത്തിൽ എത്താറുള്ള താറാവ് ഇനത്തിൽപ്പെട്ട അഞ്ചിനം ദേശാടനപ്പക്ഷികൾ ഇക്കൊല്ലം ഇതുവരെ എത്തിയിട്ടില്ല. ഇത് നിരാശയുളവാക്കുന്നെന്ന് ഒന്നരപ്പതിറ്റാണ്ടായി പ്രദേശത്തു പക്ഷിനിരീക്ഷണം നടത്തുകയും വിവരങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്ന തിരുപ്പൂർ നേച്ചർ സൊസൈറ്റി പ്രസിഡന്റ് കെ. രവീന്ദ്രൻ പറഞ്ഞു.
‘ബ്ലൂ ത്രോട്ട്’ ദേശാടനപ്പക്ഷി ഇനത്തെ ആദ്യമായി നഞ്ചരായൻകുളം പ്രദേശത്ത് കണ്ടെത്തിയത് 2017-ൽ ആണെന്ന് രവീന്ദ്രൻ പറഞ്ഞു.
തിരുപ്പൂർ നേച്ചർ സൊസൈറ്റി അംഗങ്ങളും വനംവകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പക്ഷിസർവേയിലായിരുന്നു ഇത്. അതിനുശേഷം, 2020 വരെ തുടർച്ചയായ വർഷങ്ങളിൽ ഈ ഇനം വന്നിട്ടുണ്ടായിരുന്നു. 2021, 2022 ശീതാകാലത്തിൽ വന്നില്ല. മൂന്നുവർഷത്തെ ഇടവേളയ്ക്കു ശേഷം ഇപ്പോഴാണ് എത്തിയിരിക്കുന്നത്. എല്ലാക്കൊല്ലവും ധാരാളമായി എത്താറുള്ള ‘നോർത്തേൺ ഷോവലേഴ്‌സ്’, ‘ബാർഹെഡഡ് ഗീസ്’, ‘കോമൺ റ്റീൽസ്’ തുടങ്ങിയ താറാവ് ഇനത്തിൽപ്പെട്ട ചില ദേശാടനപ്പക്ഷികൾ ഇതുവരെ വന്നിട്ടില്ലെന്ന് തിരുപ്പൂർ നേച്ചർ സൊസൈറ്റി അംഗങ്ങൾ പറയുന്നു.
അതുപോലെ ഇക്കൊല്ലം വന്നിരിക്കുന്ന ‘റഫ്, ‘ബ്ലാക്ക് ടേയിൽഡ് ഗോഡ്വിറ്റ്‌സ്’ പോലെയുള്ള ഇനങ്ങളുടെ അംഗസംഖ്യയിലും നല്ല കുറവാണ് കാണുന്നതെന്ന് രവീന്ദ്രൻ പറയുന്നു.
ആഗോളതാപനം മൂലം യൂറോപ്പിലും, അമേരിക്കൻ ഭൂഖണ്ഡത്തിലെ പലസ്ഥലങ്ങളിലും ശീതകാലം വൈകുന്നതാണ് പല പക്ഷി ഇനങ്ങളും എത്താത്തതിന് കാരണമെന്ന് പക്ഷി നിരീക്ഷകരും വിദഗ്ദ്ധരും പറയുന്നു.