തമിഴ് നാട്ടിലെ തിരുപ്പൂര്‍ നഗരത്തിലെ പൊന്നമ്മാള്‍ നഗറിലെ ഇരുനില വീട്ടില്‍ പടക്ക നിര്‍മ്മാണത്തിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ 9 മാസം പ്രായമുള്ള പെണ്‍കുഞ്ഞടക്കം മൂന്ന് പേര്‍ മരിച്ചു. സ്‌ഫോടനത്തില്‍ പത്തു പേര്‍ക്ക് പരിക്കേറ്റു.തിരുപ്പൂര്‍ സ്വദേശി കുമാര്‍, 9 മാസം പ്രായമുള്ള ആലിയ ഷെറിന്‍, തിരിച്ചറിയാത്ത യുവതി എന്നിവരാണ് മരിച്ചത്. ചിതറി തെറിച്ച നിലയിലായിരുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായില്ല. സ്‌ഫോടനം നടന്നവീടിന് സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി.
ചൊവ്വാഴ്ച ഉച്ചയോടെയാണ് സ്‌ഫോടനം നടന്നത്. വീടിന്റെ ഒരു ഭാഗത്ത് നിയമവിരുദ്ധമായാണ് പടക്കനിര്‍മ്മാണം നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. സ്‌ഫോടനത്തില്‍ പടക്ക നിര്‍മ്മാണം നടത്തിയ വീടടക്കം രണ്ടു വീടുകള്‍ പൂര്‍ണമായും സമീപമുള്ള 5 വീടുകള്‍ ഭാഗികമായും തകര്‍ന്നു.
കാര്‍ത്തിക് എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിലായിരുന്നു സ്‌ഫോടനം നടന്നത്. കാര്‍ത്തിക്കും ഭാര്യ സത്യപ്രിയയും ഇതേവീട്ടിലായിരുന്നു താമസം. സത്യപ്രിയയ്ക്കും സ്‌ഫോടനത്തില്‍ പരിക്കേറ്റു. വീടിന്റ താഴത്തെ നിലയിലെ ഒരുഭാഗം പലചരക്കു കട നടത്താനായി സെല്‍വി എന്ന സ്ത്രീയ്ക്ക് കാര്‍ത്തിക്ക് വാടകയ്ക്ക് നല്‍കിയിരുന്നു. കാര്‍ത്തികിന്റെ ഭാര്യാ സഹോദരന്‍ ഈറോഡ് നമ്പിയൂര്‍ സ്വദേശയായ ശരവണ കുമാറിന് ഉത്സവാഘോഷങ്ങള്‍ക്കും മറ്റു വലിയ തോതില്‍ പടക്കങ്ങള്‍ നിര്‍മ്മിക്കുവാനുള്ള ലൈസന്‍സ് ഉണ്ടായിരുന്നു. എന്നാല്‍ ഇയാളുടെ പേരിലുള്ള ലൈസന്‍സ് 2023 ഡിസംബറില്‍ തീര്‍ന്നതിനെ തുടര്‍ന്ന് നമ്പിയൂരിലുള്ള ഇയാളുടെ പടക്ക നിര്‍മ്മാണ ശാലയും അടച്ചു പൂട്ടിയിരുന്നു.