രാജ്യത്ത് എല്‍ടിടിഇ (ലിബറേഷന്‍ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം) സംഘടനയുടെ നിരോധനം അഞ്ച് വഷത്തേക്ക് കൂടി നീട്ടിയതായി കേന്ദ്രം. ശക്തമായ ഇന്ത്യാ വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്നതിനാല്‍ നിരോധനം നീട്ടാന്‍ കാരണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും എതിരാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. തമിഴര്‍ക്കായി പ്രത്യേക രാജ്യം രൂപീകരിക്കാനുള്ള ശ്രമം തമിഴ് തീവ്രവാദി സംഘം ഉപേക്ഷിച്ചിട്ടില്ലെന്നും പ്രാദേശികവും അന്തര്‍ദ്ദേശീയവുമായ തലത്തില്‍ വീണ്ടും സംഘടിക്കുന്നുണ്ടെന്നും മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
എല്‍ടിടിഇയുടെ പരാജയത്തിന് ഇന്ത്യന്‍ സര്‍ക്കാരിനെ ഉത്തരവാദികളാക്കി ശ്രീലങ്കന്‍ തമിഴര്‍ക്കിടയില്‍ ഇന്ത്യാ വിരുദ്ധ വികാരം പ്രചരിക്കുന്നു. ഇന്റര്‍നെറ്റിലൂടെയുള്ള അത്തരം പ്രചരണങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട്. ഇന്ത്യയിലെ വളരെ പ്രധാനപ്പെട്ട വ്യക്തികളുടെ (വിവിഐപി) ഇത് സുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിഗമനം.
1967ലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമപ്രകാരമാണ് സംഘടനയുടെ നിരോധനം നീട്ടിയത്. എല്‍ടിടിഇയുടെ തുടര്‍ച്ചയായ അക്രമണോത്സുകവും വിഘടനവാദപരവുമായ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയുടെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും എതിരാണെന്നും ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്നുവെന്നും പറയുന്നു. 2009ല്‍ എല്‍ടിടിഇയെ ശ്രീലങ്കന്‍ സൈന്യം പരാജയപ്പെടുത്തുകയും സ്ഥാപകന്‍ വേലുപ്പിള്ള പ്രഭാകരന് പോരാട്ടത്തില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. തമിഴ്നാട്ടിലെ വിവിധ രാഷ്ട്രീയ കക്ഷികള്‍ എല്‍ടിടിഇ നിരോധനം നീക്കണമെന്ന ആവശ്യപ്പെടുന്ന സാഹചര്യം നിലനില്‍ക്കെയാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം.