റിയാദ്: സൗദി അറേബ്യയിലെ ആഭ്യന്തരമന്ത്രാലയം രാജ്യവ്യാപകമായി നടത്തിയ പരിശോധനയില്‍ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 22,021 പേര്‍. നിയമലംഘകരില്ലാത്ത രാജ്യം എന്ന പേരില്‍ കഴിഞ്ഞ എട്ട് വര്‍ഷമായി സൗദി മന്ത്രാലയം വിവിധ സുരക്ഷാ സേനകളുടെയും മാനവവിഭവശേഷി മന്ത്രാലയത്തിന്റെയും സഹകരണത്തോടെ തുടരുന്ന നടപടിയുടെ ഭാഗമാണിത്. വിസാനിയമ ലംഘനം അഥവാ ബന്ധപ്പെട്ട് 14,508 പേരും അതിര്‍ത്തി സുരക്ഷാനിയമ ലംഘനത്തിന് 4,511 പേരും തൊഴില്‍ നിയമലംഘനങ്ങള്‍ക്ക് 3,002 പേരുമാണ് പിടിയിലായത്.
രാജ്യാതിര്‍ത്തിയിലേക്ക് നുഴഞ്ഞുകടക്കാന്‍ ശ്രമിക്കുന്നതിനിടെ 998 പേരും പിടിയിലായി. ഇതില്‍ 39 ശതമാനം യമനികളും 60 ശതമാനം ഇത്യോപ്യക്കാരും ഒരു ശതമാനം മറ്റ് രാജ്യക്കാരുമാണെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട് . അതുപോലെ അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ചതിന് 41 പേരും അറസ്റ്റിലായിട്ടുണ്ട്. നിയമലംഘകര്‍ക്ക് യാത്രാ, താമസസൗകര്യങ്ങള്‍ ഒരുക്കുകയും ജോലിനല്‍കുകയും അവരുടെ നിയമലംഘനം മറച്ചുവെക്കുകയും ചെയ്തതിന് 11 പേര്‍ വേറെയും പിടിയിലായി.
നിയമലംഘകര്‍ക്ക് സഹായകരമാവുന്ന താമസ, ഗതാഗത സൗകര്യങ്ങള്‍ ഒരുക്കുന്നവര്‍ക്ക് 15 വര്‍ഷം വരെ തടവും 10 ലക്ഷം റിയാല്‍ വരെ പിഴയുമാണ് ശിക്ഷയെന്നും, കൂടാതെ വാഹനവും വീടും കണ്ടുകെട്ടുമെന്നും മന്ത്രാലയം ആവര്‍ത്തിച്ചു. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളിലുള്ളവര്‍ 911 എന്ന നമ്പറിലും ബാക്കി ഭാഗങ്ങളിലുള്ളവര്‍ 999, 996 എന്നീ നമ്പറുകളിലും വിളിച്ച് റിപ്പോര്‍ട്ട് ചെയ്യണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് ആവിശ്യപ്പെട്ടിട്ടുണ്ട്.