യൂട്യൂബില്‍ നോക്കി മൂത്രാശയത്തിലെ കല്ല് നീക്കാന്‍ വ്യാജ ഡോക്ടര്‍ നടത്തിയ ശസ്ത്രക്രിയയില്‍ കൗമാര പ്രായക്കാരന് ദാരുണാന്ത്യം. ബിഹാറിലെ സരണ്‍ ജില്ലയിലാണ് സംഭവം. ശസ്ത്രക്രിയ നടത്തിയ അജിത് കുമാര്‍ പുരിയെ അറസ്റ്റ് ചെയ്തതാണ് ബിഹാറിലെ ഗോപാല്‍ഗഞ്ച് പൊലീസ് എസ്പി കുമാര്‍ ആശിഷ് വ്യക്തമാക്കി.
ഗോലു എന്ന് വിളിക്കപ്പെടുന്ന കൃഷ്ണ കുമാറാണ് മരിച്ചത്. വയറ് വേദന മൂലം ഏറെ നാളായി ഗോലുവിന് അസ്വസ്ഥത ഉണ്ടായിരുന്നുവെന്നും സരണ്‍ ജില്ലയിലെ ധര്‍മബാഗി ബസാറിലെ സ്വകാര്യ ക്ലിനിക്കില്‍ വെള്ളിയാഴ്ച ചികിത്സ തേടിയിരുന്നുവെന്നും കുടുംബം പൊലീസിന് മൊഴി നല്‍കി. ആശുപത്രിയില്‍ ഗോലുവിനെ അഡ്മിറ്റ് ചെയ്ത ശേഷം മൂത്രാശയത്തില്‍ കല്ലുണ്ടെന്നും ഇത് നീക്കം ചെയ്യേണ്ടതുണ്ടെന്നും അജിത് കുമാര്‍ നിര്‍ദ്ദേശിച്ചു. യൂട്യൂബില്‍ നോക്കിയാണ് ശസ്ത്രക്രിയ നടത്തിയതെന്നും ഇതോടെ കുട്ടിയുടെ ആരോഗ്യ നില വഷളായെന്നും കുടുംബം ആരോപിക്കുന്നു. പിന്നാലെ പാറ്റ്‌നയിലെ ആശുപത്രിയിലെത്തിച്ച കുട്ടി സെപ്തംബര്‍ ഏഴിന് മരിച്ചു.
ശസ്ത്രക്രിയ നടത്തിയ സമയത്ത് അജിത് കുമാര്‍ തന്നെ ഡീസല്‍ വാങ്ങാന്‍ പറഞ്ഞുവിട്ടെന്നും തന്റെ ഭാര്യ മാത്രമാണ് കുട്ടിക്കൊപ്പം ആശുപത്രിയില്‍ ഉണ്ടായിരുന്നതെന്നും ഗോലുവിന്റെ മുത്തശന്‍ പ്രതികരിച്ചു. തിരികെ വന്നപ്പോഴാണ് യൂട്യൂബില്‍ നോക്കി അജിത് കുമാര്‍ പുരി ശസ്ത്രക്രിയ നടത്തുന്നത് കണ്ടത്. തങ്ങളോട് അനുവാദം തേടാതെയായിരുന്നു ഇതെന്നും അദ്ദേഹം ആരോപിച്ചു. ഇതിന് ശേഷമാണ് കുട്ടിയെ പാറ്റ്‌നയിലേക്ക് കൊണ്ടുപോയത്. എന്നാല്‍ വഴിമധ്യേ കുട്ടി മരിച്ചു. ക്ലിനിക്കിലെ ശസ്ത്രക്രിയക്ക് ശേഷം ഗോലുവിന് വയറ് വേദന മൂര്‍ച്ഛിച്ചു. ഇതോടെ അജിത് കുമാര്‍ പുരിയാണ് ആംബുലന്‍സ് വിളിച്ച് പാറ്റ്‌നയിലേക്ക് വിട്ടത്. കുട്ടി മരിച്ചെന്ന് ഉറപ്പായപ്പോള്‍ അജിത് കുമാര്‍ പുരി വാഹനത്തില്‍ നിന്ന് ഇറങ്ങി കടന്നുകളഞ്ഞുവെന്നും കുടുംബം പരാതിപ്പെട്ടു.