25 December 2024

കൊല്ലം കുണ്ടറയിലാണ് പ്രളയ ദുരിതരുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്താന്‍ ശ്രമം നടന്നത്. കുണ്ടറയില്‍ പ്രവര്‍ത്തിക്കുന്ന ആശ്രയ ഫാര്‍മസീയിലെത്തിയ ആളാണ് സാമ്പത്തിക തട്ടിപ്പിന് ശ്രമം നടത്തിയത്. ഫാര്‍മസിയിലെ ജീവനക്കാരിക്ക് സംശയം തോന്നി ഉടമയെ ഫോണ്‍ വിളിക്കാന്‍ തുടങ്ങിയതോടെ തട്ടിപ്പുകാരന്‍ കടന്നു കളഞ്ഞു.

ശനിയാഴ്ച വൈകിട്ടോടെയാണ് സംഭവം. കുണ്ടറയിലെ ആശ്രയ ഫാര്‍മസിയിലാണ് തട്ടിപ്പിന് ശ്രമം നടന്നത്. ഫാര്‍മസി ഉടമ ഇല്ലാത്ത സമയം നോക്കിയാണ് മുണ്ടും ഷര്‍ട്ടുമണിഞ്ഞ മധ്യ വയ്‌സ്‌കന്‍ വന്നത്. വയനാട് ദുരന്തത്തെക്കുറിച്ചും ദുരിതാശ്വാസനിധിയെക്കുറിച്ചും ഏറെനേരം ജീവനക്കാരോട് ഇദ്ദേഹം സംസാരിച്ചു. ഇതിനുശേഷമാണ് ഫാര്‍മസി ഉടമയെ ഫോണ്‍ ചെയ്യുന്നു എന്ന വ്യാജേനെ മൊബൈലില്‍ സംസാരിച്ചത്.

മറ്റൊരു വ്യക്തി 16000 രൂപ ഫാര്‍മസിയില്‍ കൊണ്ടുവരുമെന്നും അത് വാങ്ങി വെക്കണം എന്നും ഉടമ പറഞ്ഞതായി ജീവനക്കാരോട് പറഞ്ഞു. ഫാര്‍മസിയില്‍ ഉള്ള പണത്തില്‍ നിന്നും 7500 രൂപ തനിക്ക് തരാന്‍ ഉടമ പറഞ്ഞതായും ജീവനക്കാരോട് പറഞ്ഞു. പണം എണ്ണിയെടുത്ത ജീവനക്കാരിക്ക് സംശയം തോന്നി ഉടമയെ വിളിക്കാന്‍ ഫോണ്‍ എടുത്തപ്പോളാണ് പിന്നെ വന്ന് പണം വാങ്ങിക്കോളാം എന്ന് പറഞ്ഞ് തട്ടിപ്പുകാരന്‍ കടന്നു കളഞ്ഞത്.

വയനാട് ദുരിതാശ്വാസനിധിയിലേക്ക് പണപ്പിരിവുമായി നിരവധി സംഘടനകളാണ് തങ്ങളെ സമീപിക്കുന്നതെന്നും, ഇതിന് സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തണമെന്നും ഫാര്‍മസിയുടെ ഉടമ മാധ്യമങ്ങളോട് പറഞ്ഞു.

ദുരിതാശ്വാസ നിധിയിലേക്ക് സഹായ പ്രവാഹം

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ഇരകള്‍ക്ക് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകളുടെ പ്രവാഹം. മുഖ്യമന്ത്രി പിണറായി വിജയന്റെ കൊച്ചുമകന്‍ ഇഷാന്‍ വിജയ് തന്റെ സമ്പാദ്യത്തില്‍നിന്ന് 12,530 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി നേരിട്ടാണ് ഇഷാന്‍ തുക കൈമാറിയത്. പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ മകനാണ് ഇഷാന്‍.

പുതുച്ചേരിയിലെ എം.എല്‍.എയും വയനാടിനായി ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. കതര്‍കാമം എം.എല്‍.എ. കെ.പി.എസ്. രമേഷാണ് തന്റെ ഒരുമാസത്തെ ശമ്പളമായ 48,450 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.

ചലച്ചിത്രതാരവും പടന്ന ഗ്രാമപഞ്ചായത്ത് അംഗവുമായ പി.പി. കുഞ്ഞികൃഷ്ണന്‍ ഒരുമാസത്തെ പെന്‍ഷന്‍ തുകയാണ് ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയത്. മുന്‍ എം.പിയും സി.പി.എം. നേതാവുമായ എ.എം. ആരിഫും ഒരുമാസത്തെ പെന്‍ഷന്‍ തുകയായ 28,000 രൂപ സംഭാവന നല്‍കി.

മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഒരു മാസത്തെ ശമ്പളമായ 50,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. സി.പി.എം. എം.എല്‍.എമാര്‍ ഒരുമാസത്തെ ശമ്പളമായ 50,000 രൂപയും സി.പി.എം. എം.പിമാര്‍ ഒരുമാസത്തെ ശമ്പളമായ ഒരുലക്ഷം രൂപയും ദുരിതാശ്വാസനിധിയിലേക്ക് നല്‍കും.

സാഹിത്യകാരന്‍ ടി. പത്മനാഭന്‍ അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. ചലച്ചിത്രതാരമായ ജോജു ജോര്‍ജും ഗായിക റിമി ടോമിയും അഞ്ച് ലക്ഷം രൂപവീതം നല്‍കാമെന്ന് അറിയിച്ചു.നടന്‍ സൗബിന്‍ ഷാഹിര്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. 20 ലക്ഷം രൂപയാണ് നടന്‍ കൈമാറിയത്. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസ് എന്ന നിര്‍മാണക്കമ്പനിയുടെ പേരിലാണ് തുക നല്‍കിയത്. യൂട്യൂബര്‍മാരായ ജിസ്മയും വിമലും രണ്ട് ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുക. നായര്‍ സര്‍വീസ് സൊസൈറ്റി (എന്‍.എസ്.എസ്) 25 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!